കോട്ടയം: ആസാമിൽ കുടുങ്ങിപ്പോയ 18 ടൂറിസ്റ്റ് ബസുകളിലെ ജീവനക്കാരുടെ കാര്യം വളരെ കഷ്ടത്തിൽ.പലരും ഭക്ഷണവും താമസസൗകര്യവുമില്ലാതെ അവിടെ വലയുകയാണ്. ഇതിനിടയിൽ ചില ബസുകളിലെ ജീവനക്കാർക്ക് കോവിഡും മറ്റു രോഗങ്ങളും പിടിപെട്ടത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
ഇതോടെ വലഞ്ഞത് ബസ് ഉടമകളാണ്. ജീവനക്കാരുടെ താമസത്തിനും ഭക്ഷണത്തിനും മറ്റു ചെലവുകളും ജീവനക്കാരുടെ വീട്ടിലേക്കു വേണ്ട പണവും ഉടമകൾ നൽകുകയാണിപ്പോൾ. അതിഥിത്തൊഴിലാളികളുമായി ആസാമിലേക്ക് ഓട്ടംപോയ 18 ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരുമാണ് ആസാമിലെ വിവിധ പ്രദേശങ്ങളിൽ കുടങ്ങിക്കിടക്കുന്നത്.
റംസാന് മുന്നോടിയായി വിവിധ തൊഴിലാളി ക്യാന്പുകളിൽ നിന്ന് ഏജൻസികൾ വഴി ഓട്ടം പോയ ബസുകളാണ് ലോക്ഡൗണിൽ മടക്കയാത്ര അനിശ്ചിതത്വത്തിലായി ആസാമിൽ പെട്ടുപോയത്.ആറു സംസ്ഥാനങ്ങൾ പിന്നിട്ട് 3,500 കിലോമീറ്റർ ദിവസങ്ങൾ താണ്ടിയാണ് ബസുകൾ അവിടെയെത്തിയത്.
റംസാനുശേഷം തൊഴിലാളികുമായി തിരികെ പോരാമെന്ന കരാറുകാരുടെ ഉറപ്പിലാണ് ബസുകൾ ഓട്ടം പോയത്.ലോക്ഡൗണ്‍ വന്നതോടെ തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തിലായതിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെ അതിർത്തി കടക്കുന്നതിൽ നിയന്ത്രണവും വന്നു.
നിലവിൽ ഭക്ഷ്യസാധനങ്ങൾ കയറ്റിയ ചരക്ക് ലോറികൾക്ക് മാത്രമാണ് ഇത്തരത്തിൽ അന്തർ സംസ്ഥാന യാത്രാ പാസ് ലഭിക്കുന്നത്. ഒരു മാസമായി ആസാമിൽ അകപ്പെട്ട ടൂറിസ്റ്റ് ബസുകൾ തിരികെ കോട്ടയത്തെത്തിക്കാൻ ഉടമകൾ സംസ്ഥാന സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളുടെ അനുമതി ഇതിനു വേണ്ടതുണ്ട്. തിരികെ യാത്രക്കാരില്ലാതെ കാലിയായി മടങ്ങേണ്ടിവരുന്പോൾ ലക്ഷങ്ങളുടെ നഷ്ടമാണ് ബസുടമയ്ക്കുമുണ്ടാകുന്നത്.
കേരളത്തിൽ ഒരു വർഷമായി ഓട്ടമില്ലാതെ കിടന്ന ബസുകൾ ആസാമിലേക്ക് കരാർഓട്ടം പോയത് ഏറെ പ്രതീക്ഷയോടെയാണ്. ബസുകളുടെ സുരക്ഷയെക്കരുതി ജീവനക്കാർ എല്ലാ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ അവസാനിക്കും വരെ അവിടെ തങ്ങേണ്ട സാഹചര്യമിണി പ്പോൾ.