വടക്കാഞ്ചേരി (തൃശൂർ): അകമലയിൽ വിനോദയാത്രയ്ക്കുപോയ ബസ് റോഡിൽ നിന്ന് തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ 30 വിദ്യാർഥിനികൾക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
ഇന്നുരാവിലെ ഏഴിനായിരുന്നു അപകടം. പെരുന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്കു വിനോദയാത്ര പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നിമറിഞ്ഞ് അകമല ക്ഷേത്രത്തിന് സമീപം 20 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.
ബസ് മറിഞ്ഞ ഉടനെ കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബസിനുള്ളിൽ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത്.
പരിക്കേറ്റ വിദ്യാർഥികളെ ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരിന്തൽമണ്ണ ആനമങ്ങാട് യത്തീംഖാനയിൽ നിന്ന് തിരുവനന്തപുരം ബീമാപള്ളിയിലേക്ക് വിനോദയാത്ര പോകുകയായിരുന്നു ഇവർ.
ബസിൽ 35 പെൺകുട്ടികളും മുതർന്ന 15 പേരുമടക്കം 50 പേർ യാത്രക്കാരായി ഉണ്ടായിരുന്നു.അപകടത്തെ തുടർന്ന് തൃശൂർ – ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.
വടക്കാഞ്ചേരി പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ബസ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് ഉയർത്തി.