ചെറായി: വിനോദയാത്രക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുകളിൽ ഒന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകളിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ബസ് ക്ലീനർക്കും പരിക്ക്. ഇന്നു രാവിലെ ആറോടെ വൈപ്പിൻ സംസ്ഥാന പാതയിൽ ചെറായി സഹോദരൻ സ്മാരക ഹൈസ്കൂളിനു വടക്ക് വശത്താണ് അപകടം ഉണ്ടായത്.
ഞാറക്കൽ ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽനിന്നും പുലർച്ചെ കൊടൈക്കനാലിലേക്ക് ടൂർ പോയ രണ്ട് ബസുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് വിദ്യാർഥികൾക്കും, രണ്ട് അധ്യാപകർക്കും, ബസ് ക്ലീനർക്കുമാണ് പരിക്കേറ്റിട്ടുള്ളത്.
ഇവരിൽ ബസ് ക്ലീനറെയും ഒരു അധ്യാപകനെയും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ബാക്കി വിദ്യാർത്ഥികളായ ആദർശ് ദേവ് – 17, ആരോമൽ അനിൽകുമാർ – 17, ലതാ ജോൺസൺ – 17, ആന്റോ സിബി – 17, അഞ്ജന പ്രമോദ് – 17 എന്നീ വിദ്യാർഥികളെയും അധ്യാപകനായ തോമസ് കെ. സ്റ്റീഫൻ -52 നേയും കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
തെക്ക് നിന്ന് വടക്കോട്ടേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ടാങ്കർ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ടതെന്ന് പറയുന്നു.
ആദ്യം ഇരുമ്പു പോസ്റ്റിലിടിച്ച ശേഷം മുന്നോട്ടു പോയ ബസ് അടുത്ത കോൺക്രീറ്റ് പോസ്റ്റും തകർത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം ഭാഗീകമായി തകർന്നു. 35 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. പിന്നാലെ വന്ന രണ്ടാമത്തെ ബസിലെ വിദ്യാർഥികളും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.