അടൂര്‍: ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയില്‍ കടമ്പനാട് കല്ലുകുഴിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബിഎഡ് വിദ്യാര്‍ഥികളും അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്.
ഇതില്‍ ബിഎഡ് വിദ്യാര്‍ഥികള്‍ അടക്കം 44 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേര്‍ക്ക് സാരമായ പരിക്കുണ്ട്. എന്നാല്‍, ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് അഗ്നിരക്ഷാ സേനയും എത്തി.
കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ്് കോളജിലെ ബിഎഡ് വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്. ഇതില്‍ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. വളവ് വീശിയെടുത്തപ്പോള്‍ വൈദ്യുതപോസ്റ്റില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് ഫയര്‍ഫോഴ്സും പോലീസും പറയുന്നത്.
പോസ്റ്റ് ഒടിഞ്ഞ് ബസില്‍ പതിച്ചു. ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ബസ് വേഗതയിലായിരുന്നോയെന്ന കാര്യമൊക്കെ കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.് ബസിന്റെ ടയറിന്റെ കാര്യക്ഷമതയടക്കം പരിശോധിച്ചു വരികയാണ്. അപകടത്തെ തുടര്‍ന്ന് അടൂര്‍-കടമ്പനാട് റൂട്ടില്‍ രാവിലെ ഗതാഗത തടസം നേരിട്ടു.