നെടുമങ്ങാട്: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത് അമിത വേഗത കാരണമാണെന്ന് പൊലീസ് പറഞ്ഞു . ഇന്നലെ രാത്രി 10.30യോട് യാണ് നെടുമങ്ങാട് കാട്ടാക്കട പെരിങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാര യാത്ര പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
സംഭവശേഷം ഒളിവിൽ പോയ ബസ് ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി രഞ്ജു എന്ന് വിളിക്കുന്ന അരുൾ ദാസ് (34)നെ വലിയ വിളപ്പുറം എന്ന സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ അപകടം നടന്ന സ്ഥലത്ത് നിന്നും ഓടി പോവുകയായിരുന്നു. ഇയാൾക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരിക്ക് ഉണ്ട്.
കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ഇയാളെ ഇന്ന് പുലർച്ചെ പോലീസ് പിടികൂടുകയായിരുന്നു.ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇരിഞ്ചയത്തു വച്ച് നല്ല വേഗതയിൽ ആയിരുന്ന ബസ് പെട്ടെന്ന് വെട്ടിത്തിരിക്കാൻ നോക്കിയതാണ് അപകട കാരണമെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകി.
നെടുമങ്ങാട്-വെമ്പായം റോഡിലെ നിർമാണത്തിലെ അപാകതയും അപകടത്തിലേക്ക് നയിച്ചെന്നു നാട്ടുകാർ പറയുന്നു. ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ആംബുലൻസുകളിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളജിലേക്കും എസ്എടി ആശുപത്രികളിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയി.
രാത്രി വൈകിയും നെടുമങ്ങാട് പോലീസും ഫയർഫോഴ്സും പൊതുപ്രവർത്തകരും നാട്ടുകാരും സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിൽമറിഞ്ഞ ടൂറിസ്റ്റ് ബസ് ക്രെയിൻ ഉപയോഗിച്ച് പൊക്കി അപകട സ്ഥലത്തു നിന്നും നീക്കം ചെയ്തു.49പേർ യാത്ര ചെയ്തിരുന്ന ബസിലെ യാത്രക്കാരി കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിൽ ഉണ്ട്. പരിക്കേറ്റ ബാക്കിയുള്ളവർ ചികിത്സയിലാണ്.