കണ്ണൂർ: ദേശീയപാതയിൽ തോട്ടട ടൗണിൽ ടൂറിസ്റ്റ് ബസും മിനി കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരൻ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചിലരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ മരിച്ച ആളിന്റെ തല വേർപെട്ട നിലയിലാണ്. കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു പുലർച്ചെ 12.45 ഓടെയായിരുന്നു അപകടം. മണിപ്പാലിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ് ബസും തലശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ലോറി ആന്ധ്രാപ്രദേശ് രജിസ്ട്രേഷനാണുള്ളത്. മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്കായിരുന്നു കല്ലട ബസിന്റെ യാത്ര. മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു.
ബസിന്റെ പിന്നിലാണ് ലോറി ഇടിച്ചത്. അപകടത്തിൽപ്പെട്ട ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകട സമയത്ത് യാത്രക്കാർ കൂടുതൽപേരും ഉറക്കത്തിലായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നിരുന്നു. ഇതിലൂടെയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
ഇടിയുടെ ആഘാതത്തിൽ ബസ് റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. ലോറി ഇടിച്ചുകയറി സമീപത്തെ കട തകർന്നു.
പോലീസും ഫയർഫോഴ്സും എത്തി ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റി 2.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ബസിന്റെ അമിതവേഗമാണ് അപകടത്തിടയാക്കിയതെന്ന് ബസ് യാത്രക്കാരൻ പറഞ്ഞു.
യാത്രക്കാരെ മുൻവശത്തെ ചില്ല് തകർത്താണ് പുറത്തെടുത്തത്. അലൻ (20), ലീന (43), മിഥുൻ (30), അബിൻ (28), വിനായകൻ (35), ഡാലിയ (43), രേവന്ത് (19), ബെനി (42), സ്നേഹ (29), ലീന മോൾ (29), ചന്ദ്രൻ (60), അനിമ (18), ശരത്ത് (30), രാജേഷ് (39), ആഷിക് (30), സുനിഷ (43), മഥൻ കുമാർ (38), സാന്റി, അലീന ബെന്നി തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബസിന്റെ ടയർ തേഞ്ഞുപോയ അവസ്ഥയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുള്ളവർ പറഞ്ഞു. പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ ശ്രമഫലമായാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. എടക്കാട് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടൻ, പ്രിൻസിപ്പൽ എസ്ഐ എൻ. ദിജേഷ്, എസ്ഐ അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.