തൃശൂർ: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്ക് സ്കൂളിൽ ടൂറിസ്റ്റ് ബസ് എത്തിയതുതന്നെ രണ്ടു മണിക്കൂർ വൈകിയാണ്. അഞ്ചുമണിയോടെ പുറപ്പെടേണ്ട യാത്ര ആരംഭിച്ചത് രണ്ടു മണിക്കൂർ വൈകി ഏഴുമണിയോടെ.
ഊട്ടിയിലെത്താൻ വൈകും എന്നതിനാൽ ബസ് അമിതവേഗതിയിലായിരുന്നു എന്നാണ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവർ പറയുന്നത്.
സ്കൂളിൽനിന്ന് പുറപ്പെട്ടപ്പോൾ മുതൽ ബസ് മിന്നിച്ചു വിടുകയായിരുന്നു.വേഗക്കൂടുതൽ വിദ്യാർഥികളടക്കം ചൂണ്ടിക്കാണിച്ചപ്പോൾ പരിചയസമ്പന്നനായ ഡ്രൈവറാണ് വണ്ടി ഓടിക്കുന്നതെന്നും കുട്ടികൾ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ മറുപടി.
എന്നാൽ യാത്ര ഏറെയെത്തും മുൻപേ അമിതവേഗം ദുരന്തത്തിൽ കലാശിച്ചു.
“ഭൂമി കറങ്ങുംപോലെയാണ് തോന്നിയത്’
തൃശൂർ: ഞങ്ങൾ പലരും ഉറക്കത്തിലായിരുന്നു, ചിലരെല്ലാം സിനിമ കണ്ടുകൊണ്ടിരിക്കുകയും. പെട്ടെന്ന് ബസ് എവിടെയോ ഇടിച്ച് മലക്കംമറിഞ്ഞു.
അപ്പോഴേക്കും ബാഗുകളും സീറ്റുമെല്ലാം വന്ന് മുകളിൽ വീണു. ഭൂമി കറങ്ങുംപോലെ തോന്നി’എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസിലായില്ല.
പലരും സീറ്റിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വലിച്ചെടുക്കാൻപോലും പാടുപെട്ടു. പലരുടെയും ദേഹത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു. ബസിനകം മുഴുവൻ ചോരക്കളമായിരുന്നു.
ആരൊക്കെയോ ചേർന്ന് ഞങ്ങളെ പുറത്തേക്ക് എടുത്ത് മാറ്റിക്കിടത്തി. തൊട്ടപ്പുറത്തെ തകർന്ന കെഎസ്ആർടിസി ബസ് അപ്പോഴാണ് കാണുന്നത്.
ഒപ്പം ഉണ്ടായിരുന്നവർ ചിന്നിച്ചിതറിക്കിടക്കുന്നത് കണ്ടു…’ കൂടുതൽ പറയാനാവാതെ തൃശൂർ മെഡിക്കൽ കോളജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥികൾ വിതുമ്പി.