സ്വന്തം ലേഖകൻ
വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും ഉൾപ്പെടെ ഒന്‍പതു പേർ മരിച്ചു.
മരിച്ച മൂന്ന് പേര് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരാണ്. 45ലധികം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രി 12 ഓടെ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപമാണ് നാടിനെ ഞെട്ടിച്ച ദുരന്തം നടന്നത്.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്നുള്ള വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്നു കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞു.
ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാർഥികളായ എല്‍ന ജോസ് (15), ക്രിസ് വിന്റർബോൺ (16), ദിയ രാജേഷ് (16), അഞ്ജന അജിത് (16), ഇമ്മാനുവല്‍ (16), അധ്യാപകനായ വിഷ്ണു (33) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന തൃശൂർ സ്വദേശി രോഹിത് (24), കൊല്ലം സ്വദേശി അനൂപ് (24), ദീപു (25) എന്നിവരുമാണ് മരിച്ചത്.
43 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന വിനോദയാത്രാ സംഘം ഇന്നലെ വൈകിട്ട് ആറോടെയാണ് ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടത്.
പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും വടക്കഞ്ചേരി യൂണിറ്റും ക്രിട്ടിക്കല്‍കെയര്‍ എമര്‍ജന്‍സി ടീം അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റര് അവറ്റിസ് ആശുപത്രി, ക്രസന്റ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി ഹോസ്പിറ്റല്‍, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.