അതിര്ത്തി കടന്ന് നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് മോട്ടോര്വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലെ സ്കൂളില്നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയ ബസിനെയാണ് മോട്ടോര്വാഹന വകുപ്പ് പിടികൂടിയത്.
യാത്രയ്ക്ക് മുമ്പ് വൈക്കം സബ് ആര്.ടി. ഓഫീസില് വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമലംഘനങ്ങള് ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതര് സര്ട്ടിഫിക്കറ്റും നല്കി.
സംസ്ഥാന അതിര്ത്തി കടന്നയുടന് ലേസര് ലൈറ്റുകളും കളര്ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചാണ് ബസുകാര് അതിബുദ്ധി കാണിച്ചത്.
എന്നാല് ദൃശ്യങ്ങള് സോഷ്യല് മീഡിയ വഴി പ്രചരിച്ചതോടെ പണിപാളി. സംഭവം ശ്രദ്ധയില്പ്പെട്ട വൈക്കം ജോയിന്റ് ആര്.ടി.ഒ പി.ജി കിഷോര്, ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയില് തടഞ്ഞു നിര്ത്തി പരിശോധിക്കുകയായിരുന്നു.
നിയമലംഘനങ്ങള് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് ഫിറ്റ്നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസന്സ് റദ്ദ് ചെയ്യുന്നതിന് ശുപാര്ശയും നല്കി. പരിശോധനയില് എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.
വിദ്യാലയങ്ങളില്നിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങള് ഒരാഴ്ചയ്ക്കു മുമ്പേ പരിശോധനയ്ക്കു ഹാജരാക്കാമെന്ന് മോട്ടോര് വാഹനവകുപ്പ് അറിയിച്ചു.
നിലവില് യാത്ര പുറപ്പെടുന്നതിനു മുമ്പാണ് പരിശോധന നടത്തേണ്ടിയിരുന്നത്. ഇത് വാഹന ഉടമകള്ക്കും ടൂര് ഓപ്പറേറ്റര്മാര്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്ന്നാണ് ഇളവ് അനുവദിച്ചത്.
പരിശോധനാ റിപ്പോര്ട്ട് വാഹനത്തില് സൂക്ഷിക്കണം. യാത്രാമധ്യേ ഉദ്യോഗസ്ഥര് ആവശ്യപ്പെട്ടാല് ഹാജരാക്കണം. വടക്കഞ്ചേരിയില് ടൂറിസ്റ്റ് ബസ് അപകടത്തില് ഒമ്പതുപേര് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്ശനമാക്കിയത്.
വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളില് അനധികൃത ശബ്ദവെളിച്ച സംവിധാനങ്ങള് ഉപയോഗിക്കുന്നത് ഒഴിവാക്കാന് വേണ്ടിയാണ് പരിശോധന.