തൃശൂര്‍:’ചേട്ടാ, പാര്‍ക്കിങ് ഏരിയയില്‍ നമ്മുടെ ബസ് കാണാനില്ല.’ പുലര്‍ച്ചെ മൂന്നു മണിക്ക് ഫോണിലൂടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അബ്ദുള്‍ കരിമിന്റെ ഉറക്കം ആവിയായി പോയി. കല്‍പ്പറ്റയില്‍ നിന്നും തന്റെ ടൂറിസ്റ്റ് ബസിലെ ഡ്രൈവറുടേതായിരുന്നു കോള്‍.’ വ്യാപാരാവശ്യത്തിനായി കോട്ടയത്തു തങ്ങുകയായിരുന്ന അബ്ദുള്‍ കരീം ഇതുകേട്ട് അമ്പരന്നു – വലിയൊരു ടൂറിസ്റ്റ് ബസ് രായ്ക്കുരാമാനം മോഷ്ടിക്കപ്പെടുകയോ?
ബസ് കാണാനില്ലെന്നറിഞ്ഞ അബ്ദുല്‍ കരീം കോട്ടയത്തു നിന്നു കല്‍പ്പറ്റയിലേക്കു പുറപ്പെട്ടു. ഒല്ലൂര്‍ റോഡിലൂടെ തൃശൂര്‍ ഭാഗത്തേക്കു സഞ്ചരിക്കുന്നതിനിടെയാണ് കാണാതായ തന്റെ ബസ് എതിര്‍ദിശയിലൂടെ കടന്നുവരുന്നത് അബ്ദുല്‍ കരീം കണ്ടത്. ഉടന്‍ തന്നെ പിക്കപ് വാന്‍ സിനിമാ സ്റ്റൈലില്‍ വെട്ടിച്ചു ബസിനു മുന്നില്‍ നിര്‍ത്തി. എന്നാല്‍, ബസിലുണ്ടായിരുന്ന നാലംഗ സംഘം ഡോര്‍ തുറക്കാനോ ഗ്ലാസുകള്‍ താഴ്ത്താനോ തയാറായില്ല. ഇതോടെ ബസുടമ ഒല്ലൂര്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി നാലംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ബസ് സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. വാഹനങ്ങളുടെ വായ്പാ തിരിച്ചടവു മുടക്കിയാല്‍ പിടിച്ചെടുക്കാന്‍ ക്വട്ടേഷന്‍ എടുത്ത സംഘമാണിതെന്നു പൊലീസ് അറിയിച്ചു. കല്‍പ്പറ്റ കൂടലായി കളത്തില്‍ അബ്ദുല്‍ കരീമിന്റെ ഉടമസ്ഥതയിലുള്ള കളത്തില്‍ ട്രാവല്‍സ് എന്ന ടൂറിസ്റ്റ് ബസ് ആണ് മോഷ്ടിക്കപ്പെട്ടത്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫിനാന്‍സിംഗ് സ്ഥാപനത്തില്‍ നിന്ന് അബ്ദുല്‍ കരീം വാഹന വായ്പയെടുത്തിരുന്നു. പ്രളയം മൂലം രണ്ടുമാസത്തോളം വിവാഹ-വിനോദ സഞ്ചാര യാത്രകള്‍ മുടങ്ങിയതോടെ രണ്ടുമാസത്തെ വായ്പാ തിരിച്ചടവു മുടങ്ങി.
ഈ മാസം മുതല്‍ കുടിശിക തീര്‍ത്തു നല്‍കാമെന്ന് അബ്ദുല്‍ കരീം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാവിലെ മൂന്നുമണിക്കു തൃശൂരിലേക്ക് ഓട്ടം പോകാന്‍ ബസെടുക്കാന്‍ ഡ്രൈവര്‍ പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ബസ് ഡ്രൈവര്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പൊലീസ് അന്വേഷണവും ആരംഭിച്ചു. ഈ സമയം പിക്കപ്വാനില്‍ നേന്ത്രക്കായ കയറ്റിക്കൊണ്ടുവരാന്‍ കോട്ടയത്തേക്കു പോയിരിക്കുകയായിരുന്നു അബ്ദുല്‍ കരീം.