തൃശൂർ: കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും കാതടപ്പിക്കുന്ന ശബ്ദവുമായി കുതിക്കുന്ന വാഹനങ്ങൾക്കു പൂട്ടിടാൻ മോട്ടോർവാഹന വകുപ്പ്.
അമിത വെളിച്ചവും ശബ്ദവും അനധികൃത മോഡിഫിക്കേഷനും പിടികൂടാനുള്ള സംസ്ഥാന വ്യാപകമായുള്ള ഓപ്പറേഷൻ ഫോക്കസിനാണ് ഇന്നലെ തുടക്കമായിരിക്കുന്നത്.
കേരളത്തിൽ നിന്നു പോയ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഗോവയിൽ കത്തിനശിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
തൃശൂർ ആർടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ നടത്തറയിൽ നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസുകൾ അടക്കം മുപ്പതോളം വാഹനങ്ങൾ പരിശോധിച്ചു.
അനധികൃത മോഡിഫിക്കേഷൻ കണ്ടെത്തിയ വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കിയതായി അധികൃതർ പറഞ്ഞു.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സിബി, സജീഷ്, സാം എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഒരാഴ്ച നീളുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും.