വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് വിദ്യാര്‍ഥികളുമായി യാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേയ്ക്ക് വിദ്യാര്‍ഥികളുമായി വിനോദയാത്രക്ക് എത്തിയ സ്പാര്‍ടെന്‍സ് എന്ന ബസാണ് പിടിച്ചെടുത്തത്.
നികുതി, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ഒരു രേഖയുമില്ലാതെയാണ് കെഎല്‍ 74 3303 നമ്പര്‍ ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്തിയത്.
എല്ലാ രേഖകളുമുള്ള മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറിലായിരുന്നു ഈ ബസിന്റെ സര്‍വീസ്. യഥാര്‍ത്ഥ നമ്പര്‍ എഴുതിയത് മറച്ച് രേഖകളുള്ള ബസിന്റെ കെ എല്‍ 74 3915 എന്ന നമ്പറിലാണ് ബസ് ഓടിയത്.
തിരുവന്തപുരത്തെ സ്കൂളില്‍ നിന്നുള്ള 45 വിദ്യാര്‍ഥികളുമായി കൊച്ചിയിലേക്ക് വിനോദയാത്രക്കെത്തിയ ബസ് രഹസ്യ വിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
28 ലക്ഷം രൂപയുടെ വായ്പ അടക്കം 31.5 ലക്ഷം രൂപക്ക് ബസ് വാങ്ങിയതാണെന്നാണ് ഉടമ പറയുന്നത്.
വ്യാജ നമ്പറിലുള്ള ബസാണെന്ന് അറിഞ്ഞില്ലെന്നും പണമിടപാട് തീരുന്ന മുറക്ക് രേഖകള്‍ നല്‍കാമെന്ന് പഴയ ഉടമ പറഞ്ഞെന്നുമാണ് ഇയാള്‍ പറയുന്നത്.
ബസ് കസ്റ്റഡിയിലെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടൂര്‍ ഓപ്പറേറ്ററോട് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു പോകാന്‍ മറ്റൊരു ബസ് ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.