ആലുവ: നികുതിവെട്ടിച്ച് സർവീസ് നടത്തിയ നാല് അന്തർസംസ്ഥാന ലക്ഷ്വറി ബസുകൾ പിടികൂടി. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള എയർബസുകളാണ് ഇന്ന് രാവിലെ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ആലുവ മുട്ടത്തിന് സമീപം നടത്തിയ പ്രത്യേക പരിശോധനയിൽ പിടികൂടിയത്.
ആർടിഒ കെ.എം. ഷാജിയുടെ നിർദേശാനുസരണം എൻവിഐ ജോർജ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ വാഹനങ്ങൾ കളക്ടേറ്റിലേക്ക് മാറ്റി.
സംസ്ഥാന നികുതി അടയ്ക്കാതെയായിരുന്നു ഈ ബസുകൾ കേരളത്തിൽ സർവീസ് നടത്തിയിരുന്നത്. സീറ്റ് ഒന്നിന് 3000 രൂപയും ബർത്തിന് 4000 രൂപയുമാണ് ട്രൈമാസ നികുതി. അത്തരത്തിൽ 30 സീറ്റും 15 ബർത്തുമുള്ള പിടികൂടിയ ബസുകൾക്ക് ഒന്നരലക്ഷത്തോളം നികുതി അടയ്ക്കണം.
പുതിയ നിയമനുസരിച്ച് നികുതി വെട്ടിച്ച് നടത്തിയാൽ 100 ശതമാനം വരെ പിഴയും അടയ്ക്കേണ്ടിവരും. ഇത്തരത്തിൽ ബസ് ഒന്നിന് മൂന്നുലക്ഷം രൂപ പ്രകാരം 12 ലക്ഷത്തോളം രൂപ നികുതിയും പിഴയും ഉൾപ്പെടെ അടയ്ക്കേണ്ടിവരും. ഇന്നു രാവിലെ ഏഴു മണി മുതൽ ഒൻപത് മണിവരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഈ ആഡംബര ബസുകൾ പിടികൂടിയത്.
അതേസമയം നികുതി വെട്ടിപ്പിന് പിടികൂടി കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയതിൽ കർണാടക അതിർത്തിയിൽ അത്തിബെല്ലി ചെക്ക് പോസ്റ്റിലും ഇന്ന് രാവിലെ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാവിലെ തൃശൂർ പട്ടിക്കാടിന് സമീപം നടത്തിയ പരിശോധനയിൽ സംസ്ഥാന നികുതി അടയ്ക്കാതെ ഇത്രയും കടന്നുപോയ ലക്ഷ്വറി ബസാണ് ആർടിഒ വിഭാഗം പിടികൂടിയത്.