തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശിനിയായ വനിത തലസ്ഥാനത്ത് മരിച്ച സംഭവത്തിൽ പ്രതികളെ വളരെ വേഗം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് അന്വേഷണ സംഘത്തോടൊപ്പം വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് ഡിജിപി ഉദ്യോഗസ്ഥരെ പ്രശംസിച്ചത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റവാളികളെ കണ്ടെത്തേണ്ട കേസായിരുന്നു ഇത്. മൃതദേഹം അഴുകിയിരുന്നതിനാൽ തെളിവുകൾ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു.
ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. ഇത്തരം സംഭവങ്ങൾ നമ്മുടെ നാടിനെ ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അതിനാൽ കുറ്റവാളികളെ കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.
പ്രതികൾക്കെതിരേ കൊലക്കുറ്റത്തിന് പുറമേ ബലാത്സംഗക്കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഇരിക്കുന്ന കേസായതിനാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു.