ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ഹഡ്സൺ നദിയിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നു വീണ് ആറു പേർ മരിച്ചു. പൈലറ്റ്, രണ്ടു മുതിർന്നവർ, മൂന്നു കുട്ടികൾ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നു ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് പ്രവർത്തിപ്പിക്കുന്ന ബെൽ 206 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ഹെലികോപ്റ്റർ യാത്ര പുറപ്പെട്ടത്. ഹെലികോപ്റ്റർ ആകാശത്തു വച്ച് തകർന്നു വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു.
ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. ഹഡ്സൺ നദിയിൽ നടന്നത് ഭയാനകമായ ഹെലികോപ്റ്റർ അപകടമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 2009ൽ ഹഡ്സൺ നദിക്ക് മുകളിൽ വച്ച് വിമാനവും ടൂറിസ്റ്റ് ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതു പേർ മരിച്ചിരുന്നു.