കോട്ടയം: ബീച്ച് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും. കർശന കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശനവും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനവും. ബീച്ചിൽ പോകുന്നവരും മാനദണ്ഡം കർശനമായി പാലിക്കണം.
ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്ക് ഹോട്ടലിലും റിസോർട്ടിലുലം താമസിക്കാം. ജീവനക്കാരും വാക്സിനെടുത്തവരാകണം.
ഇതിന്റെ വിവരവും അനുവദനീയമായവരുടെ എണ്ണവും ഹോട്ടലിലും റിസോർട്ടിലും പ്രദർശിപ്പിക്കണം. കണ്ടെയ്ൻമെന്റ് സോണിലും ഈ മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം.
കോട്ടയം ജില്ലയും റെഡി
ഇതോടെ കോവിഡ് ഭീഷണിയിലും വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി കോട്ടയം ജില്ലയിലെ ടൂറിസംകേന്ദ്രങ്ങൾ. കുമരകം, അരുവിക്കുഴി വെള്ളച്ചാട്ടം, ഇല്ലിക്കൽകല്ല്, എരുമേലി പിൽഗ്രിം സെന്റർ, വാഗമണ്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിച്ചു.
കഴിഞ്ഞ ദിവസം മുതൽ ഇവിടങ്ങളിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങി.ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാക്സിനേഷൻ പൂർത്തീകരിച്ചിരുന്നു.
റിസോർട്ടുകളും ഹൗസ്ബോട്ടുകളും തുറസായ കേന്ദ്രങ്ങളും അണുനശീകരണവും നടത്തിയതിനു ശേഷമാണ് തുറന്നു നൽകിയത്. റിസോർട്ടുകളിലും ഹൗസ്ബോട്ടുകളിലും താമസിക്കാനെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷനോ വേണമെന്ന് നിർദേശമുണ്ട്.
ഇതോടെ ജില്ലയിലെ ടൂറിസംമേഖല ‘സേഫ് ടൂറിസം’ കേന്ദ്രങ്ങളായിമാറി. റിസോർട്ടുകളിൽ ശനിയാഴ്ചമുതൽ ബുക്കിംഗ് ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് റിസോർട്ടുകളിൽ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.
കുമരകത്തു വരുന്നവർ കായൽസവാരിയും ആസ്വദിക്കുന്നതിനാൽ ഹൗസ്ബോട്ട് മേഖലയിലും ഇതു ചലനമുണ്ടാക്കും. മാസങ്ങളായി ഹൗസ് ബോട്ട് മേഖല നിശ്ചലമായി കിടക്കുകയായിരുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ നേരിട്ടാണ് ഇല്ലിക്കൽകല്ല്, അരുവിക്കുഴി വെള്ളച്ചാട്ടം, എരുമേലി പിൽഗ്രിം സെന്റർ എന്നിവിടങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.
ഇല്ലിക്കൽകല്ല് ഒരുങ്ങി
വാഗമണ്‍ മലനിരകളോട് സാമീപ്യമുള്ള ഇല്ലിക്കൽകല്ല് ടോപ്പ് സ്റ്റേഷൻ സഞ്ചാരികൾക്ക് മഞ്ഞുമലയുടെ വശ്യത സമ്മാനിക്കുന്നു. ചെറിയ ചാറ്റൽ മഴയും കോടമഞ്ഞും കുളിർകാറ്റും ആസ്വദിക്കാനായി ഇവിടേക്ക് കുടുംബസമേതമാണ് ആളുകളെത്തുന്നത്.
ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശവുമാണിത്.മുന്‍പ് ഇല്ലിക്കൽകല്ല് കുന്നുകളിലേക്കുള്ള കയറ്റം സഞ്ചാരികൾക്ക് ദുഷ്കരമായിരുന്നു. ഇപ്പോൾ പ്രദേശത്ത് സുരക്ഷയൊരുക്കാൻ മൂന്നുകോടി രൂപ ഡിടിപിസിക്ക് കൈമാറിയിരുന്നു.
രണ്ടുകിലോമീറ്റർ ദൂരമുള്ള വ്യൂപോയിന്റിലേക്ക് എത്താൻ സുരക്ഷിതമായ സ്റ്റീൽകൈവരി പുതുതായി ഘടിപ്പിച്ചു.ടോപ്പ്സ്റ്റേഷന് താഴെ കോഫീഷോപ്പ്, കോട്ടേജുകൾ, ഓഫീസ്, ക്ലോക്ക്റൂം എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു.
കാൽനടയായി പ്രവേശിക്കുന്നതിന് 20 രൂപയാണ് പ്രവേശനനിരക്ക്. കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി ജീപ്പ് സവാരിയുമുണ്ട്.വാഗമണിലേക്കും സഞ്ചാരികൾ എത്തി തുടങ്ങി.
പൈൻമാരക്കാട്ടിലും മൊട്ടക്കുന്നിലും സൂയിസൈയിഡ് പോയിന്റിലും ഇപ്പോൾ ചാറ്റൽ മഴയും കോടമഞ്ഞും ചേർന്ന് സഞ്ചാരികൾക്ക് നവ്യാനുഭൂതിയാണ് പകരുന്നത്.
മാർമല, അരുവിക്കച്ചാൽ, കോട്ടത്താവളം, വെംബ്ലി, പാപ്പാനി തുടങ്ങിയ ചെറുവെള്ളച്ചട്ടങ്ങൾ കാണുവാനും ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്.