കോഴിക്കോട്: കാട്ടുപോത്തുകള്‍ അടക്കമുള്ള വന്യജീവികളുടെ ആക്രമണത്തില്‍ ഭയന്ന് കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. വന്യജീവികള്‍ ഇറങ്ങുന്നതിനാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോകാന്‍ ആളുകള്‍ ഭയക്കുകയാണ്. വന്യജീവികളില്‍നിന്നു സംരക്ഷണം നല്കാന് വനം വകുപ്പിനു സാധിക്കുന്നുമില്ല.
ഇന്നലെ കൂരാച്ചുണ്ട് ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടുപോത്ത് രാത്രിയോടെ കക്കയം ടുറിസ്റ്റ് കേന്ദ്രത്തിലേക്കാണു കടന്നത്. വന്യജീവിസാന്നിധ്യത്തെത്തുടർന്ന് കൂരാച്ചുണ്ട് മേഖലയിലെ തോണിക്കടവ്, കരിയാത്തുംപാറ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
കക്കയം ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒരുമാസം മുമ്പ് വിനോദ സഞ്ചാരികള്‍ക്കുനേരേ കാട്ടുപോത്തിന്റെ ആക്രമണം നടന്നിരുന്നു. അന്ന് അമ്മയ്ക്കും കുട്ടിക്കും സാരമായ പരിക്കേറ്റിരുന്നു. ഇവിടെ കാട്ടാനയുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. നൂറുകണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന കേന്ദ്രമാണ് കക്കയം. തോണിക്കടവും കരിയാത്തുംപാറയും ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രങ്ങളാണ്.
ഞായറാഴ്ച രാത്രിയില്‍ കൂരാച്ചുണ്ട് ഓട്ടപ്പാലം മേഖലയിലാണു കാട്ടുപോത്ത് ഇറങ്ങിയത്. ഇന്നലെ രാവിലെയാണു ചാലിടം ഭാഗത്തെ വീടിനുമുന്നില്‍ കാട്ടുപോത്തിനെ കണ്ടത്. വീടുകള്‍ക്കും കടകള്‍ക്കും മുന്നിലൂടെ ഓടിനടന്ന കാട്ടുപോത്ത് പകല്‍ മുഴുവന്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് ഇതുകാരണം ഇന്നല അവധി നല്‍കിയിരുന്നു.
വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ശബ്ദമുണ്ടാക്കി കാട്ടുപോത്തിനെ ഓടിച്ചു. ചാലിടത്തുനിന്നു പൂവത്തുംചോലവഴി തോണിക്കടവ് ഹാര്‍ട്ട് ഐലന്‍ഡിലേക്ക് പോയ കാട്ടുപോത്ത് ഇന്നു രാവിലെ കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭാഗത്തേക്കു കടന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനവാസ കേന്ദ്രത്തിലേക്കു കടക്കാതിരിക്കാന്‍ വനംവകുപ്പ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്്. കാട്ടുപോത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാന്‍ നടപടിവേണമെന്നും ആവശ്യമുണ്ട് .
സീസണായതോടെ മലയോര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കു ധാരാളം വിനോദ സഞ്ചാരികളാണ് എത്തുന്നത്. പരീക്ഷ കഴിയുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനയുണ്ടാകും. ഈ സാഹചര്യത്തിൽ വന്യജീവികളുടെ ആക്രമണം ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്വന്തം ലേഖകന്‍