
തൊടുപുഴ: വാഗമണ്ണിലെത്തിയ ഇറ്റലിക്കാരനായ വിനോദസഞ്ചാരി താമസസൗകര്യം കിട്ടാതെ ഉറങ്ങിയത് പള്ളിസെമിത്തേരിയിൽ.
ശനിയാഴ്ച രാത്രി വാഗമണ്ണിലെത്തിയ വിദേശ പൗരനാണു റിസോർട്ടുകളിലും ഹോട്ടലുകളിലും മുറി കിട്ടാത്തതിനെ തുടർന്നു സെമിത്തേരിയിൽ കിടന്നുറങ്ങിയശേഷം മടങ്ങേണ്ടിവന്നത്.
വിവരമറിഞ്ഞു പോലീസ് ഇയാളെ തേടിയിറങ്ങിയെങ്കിലും കണ്ടെത്തനായില്ല. ഞായറാഴ്ച രാവിലെ 6.30-നു പള്ളിയിലേക്കു പോയവർ വാഗമണ്‍ പുള്ളിക്കാനം റോഡിലെ ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ സെമിത്തേരിയിൽനിന്ന് ഇയാൾ ഇറങ്ങിവരുന്നതു കണ്ടു പോലീസിനു വിവരം കൈമാറി.
പക്ഷേ പോലീസ് എത്തുന്നതിനു തൊട്ടുമുൻപു വിദേശി ബസിൽ കയറി പോയി. എട്ടുമണിക്കു കോട്ടയത്തേക്ക് പുറപ്പെടുന്ന ബസിലാണ് ഇയാൾ കയറിയതെന്നു നാട്ടുകാർ പറയുന്നു.
ഫ്രഞ്ച് പൗരനായ മറ്റൊരു വിദേശിയെ വാഗമണ്ണിൽനിന്നു നിരീക്ഷണത്തിനു ഇടുക്കി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. കൊറോണ ഭീതിയെ തുടർന്ന് വാഗമണ്ണിലെ റിസോർട്ടുകളും ഹോംസ്റ്റേകളും അടഞ്ഞുകിടക്കുകയാണ്.