കോട്ടയം: വിനോദ, പഠന, വിവാഹ, തീർഥാടന യാത്രകൾക്കു പിന്നാലെ കർക്കടക മാസത്തിലെ നാലന്പല തീർഥയാത്രകളും മുടങ്ങിയതോടെ ടൂറിസ്റ്റ് ബസുകാർക്കും ടൂറിസ്റ്റ് വാഹനങ്ങൾക്കും തിരിച്ചടിയായി.
ആറു മാസത്തിലധികമായി ഒരു വരുമാനവുമില്ലാതെ കഷ്ടപ്പെടുകയാണ് ടൂറിസ്റ്റ് വാഹനങ്ങളുടെ ഉടമകളും ആയിരക്കണക്കിനു തൊഴിലാളികളും. ജില്ലയിലെ ഒരു ടൂറിസ്റ്റ് ബസ് ഉടമ നിത്യച്ചെലവിനു പണമില്ലാത്തതിനാൽ പിക്ക്അപ്പ് വാനിൽ മീൻകച്ചവടത്തിലേക്കു കടന്നു.
ലക്ഷങ്ങൾ വിലവരുന്ന ബസുകൾ വെയിലും മഴയിലും ഏൽക്കാതെ സുരക്ഷയൊരുക്കാൻ ഇരുന്പ് പൈപ്പും കയറും പ്ലാസ്റ്റിക് പായയും ഉപയോഗിച്ച് ഷെഡ് നിർമിക്കാൻതന്നെ 35,000 രൂപയിൽ അധികം ചെലവ് വരുമെന്ന് ടൂറിസ്റ്റ് ബസുടമ ബെന്നി സോന പറഞ്ഞു.
ഭാരിച്ച നികുതിയിൽനിന്ന് രക്ഷനേടാൻ ടൂറിസ്റ്റു ബസുകളെല്ലാം സ്റ്റോപ്പേജ് (ജി ഫോം) നൽകിയിരിക്കുകയാണ്.
മാർച്ചു മുതൽ മേയ് വരെയാണ് വിനോദ സഞ്ചാരയാത്രകൾ ഏറെയും ഉണ്ടാകുക. ഫെബ്രുവരി മാസത്തോടെതന്നെ യാത്രകൾക്കു കർശന നിയന്ത്രണമേർപ്പെടുത്തി.
നാലന്പല യാത്ര ഉൾപ്പെടെ ടൂറിസ്റ്റ് ബസുകാർക്കെല്ലാം നല്ല വരുമാനം കിട്ടുന്ന കാലമാണ് കർക്കടകമാസം. മലയാള മാസ ആരംഭ ദിവസങ്ങളിൽ എല്ലാ വണ്ടികൾക്കും രണ്ടു ശബരിമല ട്രിപ്പ് ലഭിക്കാറുണ്ടായിരുന്നു. അഞ്ചു മാസമായി ഇതും നിലച്ചു.
ജില്ലയിൽ 130 ഉടമകളുടേതായി 160 ടൂറിസ്റ്റ് ബസുകളാണുള്ളത്. 10 മുതൽ 27 സീറ്റുകൾ വരെയുള്ള ട്രാവലർ 380 എണ്ണം വരും. 160 ഉടമകൾ. 400ൽപ്പരം ജീവനക്കാർ ടൂറിസ്റ്റ് ബസുകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് കോണ്ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാത്യു വി. ചെറിയാൻ പറഞ്ഞു.
മോറട്ടോറിയം സാന്പത്തിക നഷ്ടം വരുത്തുന്നു
ബാങ്ക് വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില ബസുടമകൾ സ്വകാര്യ ബാങ്കിൽനിന്നും വായ്പയെടുത്തിട്ടുണ്ട്. ഇത്തരം ബാങ്കുകാർ തിരിച്ചടവ് മുടങ്ങിയതോടെ സ്വരം മാറ്റിത്തുടങ്ങി. മോറട്ടോറിയം ലഭിക്കാത്തവരുമുണ്ട്.
നിലവിലെ മോറട്ടോറിയം സാന്പത്തിക നഷ്ടം വരുത്തുമെന്നു ഉടമകൾ പറയുന്നു. മോറട്ടോറിയം പ്രഖ്യാപിച്ചതിനാൽ ഈ കാലയളവിൽ വായ്പ തിരിച്ചടയ്ക്കേണ്ടതില്ല.
എന്നാൽ ഇപ്പോഴത്തെ ഗഡുക്കൾ വായ്പ തവണയുടെ ഏറ്റവും അവസാനത്തെ മാസഗഡുക്കളായി പരിഗണിച്ചു തിരിച്ചടച്ചാൽ മതിയാകും. എന്നാൽ ഇപ്പോഴത്തെ ഗഡുക്കളുടെ പലിശയും കൂട്ടുപലിശയും തവണ തീരുന്ന മുറയ്ക്കു അടയ്ക്കേണ്ടിവരും.
ഇതു വലിയ നഷ്ടമാണ് ഉടമകൾക്ക് ഉണ്ടാകുക. ജി ഫോം നൽകിയ കാലയളവിലെ ഇൻഷ്വറൻസ് കാലാവധിയും നീട്ടിനൽകണമെന്നാവശ്യത്തിനു പരിഹാരമായിട്ടില്ല.
ക്ഷേമനിധിയിൽനിന്ന് സഹായമില്ല
ടൂറിസ്റ്റ് ബസുകൾ വർഷത്തിൽ 8400 രൂപ ക്ഷേമനിധി വിഹിതമായി സർക്കാരിലേക്കു നൽകുന്നുണ്ട്. ഈ മേഖല കടുത്ത പ്രതിസന്ധിയിലായ സ്ഥിതിക്ക് ക്ഷേമനിധിയിൽനിന്ന് സഹായധനം നൽകാൻ സർക്കാർ തയാറാകണമെന്നു കോണ്ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാത്യു വി. ചെറിയാൻ പറഞ്ഞു.
ഒരു ബസിന് ശരാശരി ബാങ്ക് വായ്പ 35 ലക്ഷംരൂപ. പ്രതിമാസ അടവ് 50,000 രൂപ മുതൽ 75,000 രൂപ വരെ. ക്ഷേമനിധിയിലേക്കുള്ള അടവ് വർഷത്തിൽ 8400 രൂപ, ഒരു വാഹനത്തിന് രണ്ടു തൊഴിലാളികൾ എന്ന തോതിൽ നൽകുന്നുണ്ട്. തൊഴിൽ കാർഡും രജിസ്ട്രേഷനുമുള്ള എല്ലാ ജീവനക്കാർക്കും ക്ഷേമനിധിയിൽനിന്നും 5000 രൂപ നൽകണമെന്നു ജീവനക്കാർ പറയുന്നു.
തൊഴിലാളികൾ സ്വയം തൊഴിലിലേക്ക്
തൊഴിൽ നഷ്ടപ്പെട്ടതിനാൽ ബസിലെ ജീവനക്കാർ പെയിന്റിംഗ്, പച്ചക്കറി, മീൻ വിൽപ്പന, ഓട്ടോ ഓടിക്കൽ തുടങ്ങി ബിരിയാണി പാകം ചെയ്തു വിൽക്കുന്ന ജോലിയിലേക്കു കടന്നു. വഴിയോര പച്ചക്കറി കച്ചവടം നടത്താൻ തുടങ്ങിയെങ്കിലും വഴിയോര വ്യാപാരം പഞ്ചായത്ത് നിരോധിച്ചതിനാൽ അതും സാധിക്കുന്നില്ലെന്നു വ്യാപാരം നടത്തിയിരുന്ന ടൂറിസ്റ്റ് ബസ് ജീവനക്കാരൻ അനിൽ കുമാർ പറഞ്ഞു.
രണ്ടു കിലോമീറ്റർ ഓടിക്കാൻ അനുമതി വേണം
നിർത്തിയിട്ടിരിക്കുന്ന ബസ് ആഴ്ചയിൽ ഒരു ദിവസം രണ്ടു കിലോമീറ്റർ ഓടിക്കാൻ അനുമതി നൽകണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. ടയർ പഞ്ചർ, ബാറ്ററി തകരാർ, എസി, എയർസസ്പെൻസ് സിസ്റ്റം എന്നിവ ഇടയ്ക്കു പ്രവർത്തിപ്പിച്ചില്ലെങ്കിൽ കേടാകും.
ഇവ പ്രവർത്തിക്കുന്നതിനു ആഴ്ചയിൽ ഏതാനും കിലോമീറ്റർ ബസ് ഓടിക്കേണ്ടതായിട്ടുണ്ട്. എന്നാൽ ജി ഫോം നൽകിയ വാഹനങ്ങൾ ഓടിക്കാൻ മോട്ടോർ വാഹനവകുപ്പ് അനുവദിക്കില്ല.
സമീപത്തെ വൈദ്യുതി പോസ്റ്റിന്റെ നന്പർ പ്രകാരം പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് അധികൃതർ പരിശോധിക്കാനെത്തുന്പോൾ സ്ഥലത്തില്ലെങ്കിൽ ടാക്സിന്റെ ഇരട്ടിത്തുക പിഴ ഈടാക്കും.
വാഹനം രണ്ടു മൂന്നു കിലോമീറ്റർ ആഴ്ചയിൽ ഓടിച്ചു യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു അനുമതി നൽകണമെന്നു മനോജ് കൈമൾ പറഞ്ഞു.