ഹരുണി സുരേഷ്
വൈപ്പിൻ: കോവിഡ് ചതിച്ച വഴികളിൽ മുക്കിലും മൂലയിലുമായി ഷീറ്റുകൾ വലിച്ചുകെട്ടി മുഖം മൂടിയണിഞ്ഞ് കിടക്കുന്ന ടൂറിസ്റ്റ് ബസുകൾ എന്നാകും ഇനി നിരത്തിലിറങ്ങുക.
ഉത്തരം കിട്ടാത്ത ഈ ചോദ്യവുമായി ജില്ലയിൽ നൂറുകണക്കിനു ടൂറിസ്റ്റ് വാഹനങ്ങളുടെ ഉടമകളും തൊഴിലാളികളും അലയാൻ തുടങ്ങിയിട്ട് ആറ് മാസം കഴിഞ്ഞു.
എന്നാൽ ഇവരെ സഹായിക്കാൻ പ്രത്യക്ഷത്തിൽ ഒരാളുപോലുമില്ല. തൊഴിൽ നഷ്ടമായ തൊഴിലാളികളാട്ടെ തെരുവുകളിൽ പലവിധ കച്ചവടങ്ങളും നടത്തി ജീവിതം തള്ളി നീക്കുകയാണ്.
ചില തൊഴിലാളികളുടെ കൂട്ടത്തിൽ ജീവിതം വഴിമുട്ടിയ ഉടമകളെയും കണാം. ലോകത്ത് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ആദ്യ പ്രഹരം ലഭിച്ചത് ടൂറിസം മേഖലക്കാണ്.
അന്താരാഷ്ട്ര തലത്തിലുള്ള ടൂർ ട്രിപ്പുകൾ പലതും റദ്ദായതാണ് ഇതിനു കാരണം. മാർച്ച് 23ന് സന്പൂർണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ എല്ലാം പൂർണമായി സ്തംഭിച്ചു.
വിവാഹങ്ങളും വിനോദ യാത്രക്കുമൊക്കെ മുൻകൂട്ടി വാഹനങ്ങൾ ബുക്ക് ചെയ്തിരുന്നവർ എല്ലാം റദ്ദാക്കി. ഇതോടെ ബാങ്ക് വായ്പയെടുത്ത് ഈ സംരംഭത്തിലേക്കു വന്നവർ പലരും ഇപ്പോൾ കടം കയറി ആത്മഹത്യയുടെ വക്കിലാണ്.
ടൂറിസ്റ്റ് ബസുകളോട് വിവേചനം
പ്രതിസന്ധി തരണം ചെയ്യാനായി സ്വകാര്യ ബസുകൾക്ക് സർക്കാർ രണ്ട് ത്രൈമാസ ടാക്സുകൾ ഒഴിവാക്കി കൊടുത്തപ്പോൾ ടൂറിസ്റ്റ് വാഹനങ്ങളോട് വിവേചനം കാണിച്ചുവത്രേ.
ഇവർക്ക് ഏപ്രിൽ , മെയ് , ജൂണ് ഉൾപ്പെടുന്ന ത്രൈമാസ ടാക്സിൽ 20 ശതമാനം ഇളവും തുടർന്ന് ഒരു ത്രൈമാസ ടാക്സ് ഒഴിവാക്കുകയുമാണ് ചെയ്തത്. 49 സീറ്റുള്ള ഒരു പുഷ് ബാക്ക് സീറ്റ് ടൂറിസ്റ്റ് ബസിനു മൂന്ന് മാസത്തിലൊരിക്കൽ 49000 റോഡ് ടാക്സ് അടക്കണം.
ഇതിനു പുറമെ ക്ഷേമനിധി വിഹിതവും വരും. വർഷത്തിൽ 74000 രൂപയോളം ഇൻഷുറൻസിനും വേണം. കോവിഡ് വ്യാപനത്തിന്റെ പേരിൽ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ ഒരു വർഷത്തേക്കെങ്കിലും ടാക്സ് ഇളവ് അനുവദിക്കണമെന്നാണ് ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യം.
മോറോട്ടോറിയത്തിലും വെള്ളം ചേർത്തു
മോറോട്ടേറിയത്തിന്റെ കാര്യത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തിരിച്ചടവ് ക്രമീകരിച്ചിട്ടുള്ളതെന്നാണ് ഉടമകളുടെ ആരോപണം.
ആറുമാസത്തെ മോറോട്ടേറിയം സമത്ത് തിരിച്ചടക്കാത്ത തുകയുടെ പിഴപ്പലിശയുൾപ്പെടെ കണക്കാക്കി തുടർന്നുള്ള മാസഗഡുക്കളിൽ ചേർത്ത് അടക്കാനാണ് ഇവരുടെ നിർദേശം.
ഇതിനിടെ ഇപ്പോൾ കോടതി ഇടപെടൽ മൂലം പിഴപ്പലിശ ഈടാക്കരുതെന്ന് പറയുന്നുണ്ടെങ്കിലും മോറോട്ടോറിയം ഒരു വർഷത്തേക്കെങ്കിലും നീട്ടിയാലെ ടൂറിസ്റ്റ് വാഹനങ്ങളുടെ ഉമകൾക്ക് പിടിച്ച് നിൽക്കാൻ പറ്റു.
49 സീറ്റിന്റെ ഒരു ബസ് നിരത്തിലിറക്കുന്പോൾ 45 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കോണ്ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിസിഒഎ) വൈപ്പിൻ-പറവൂർ- വരാപ്പുഴ മേഖല പ്രസിഡന്റ് ഫ്രോയിഡൻ ഡയസ് പറയുന്നത്.
ഇതിൽ 90 ശതമാനം തുകയും 14 ശതമാനം പലിശക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയായിരിക്കുമത്രേ.
തിരിച്ചുവരാൻ ജനത്തിന്റെ ഭയം മാറണം
ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മറ്റ് പല മേഖലകളും തിരിച്ചുവരവിനായി ഒരുങ്ങിയെങ്കിലും ടൂറിസം മേഖലയുടെ കാര്യത്തിൽ അനിശ്ചിതത്ത്വം തുടരുകയാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കുകയും ടൂർപാക്കേജുകൾ പുനരാരംഭിക്കുകയും ചെയ്താലെ ടൂറിസ്റ്റ് വാഹനങ്ങൾക്ക് പണിയുള്ളു. പക്ഷെ ഇതിനു വഴി തെളിയണമെങ്കിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കണം .
പിന്നെ സാമൂഹ്യ അകലത്തിലുറച്ചു തന്നെ ജനത്തിന്റെ ഭയപ്പാടും ഒപ്പം മനോഭാവവും മാറണം. അല്ലെങ്കിൽ ഇനിയും ഏറെക്കാലും ടൂറിസ്റ്റ് ബസുകൾ പ്ലാസ്റ്റിക് പടുതകൾക്കുള്ളിൽ തന്നെ വിശ്രമിക്കേണ്ടി വരുന്ന സാഹര്യമുണ്ടാകുമെന്നാണ് ബസുടമകളുടെ ആശങ്ക.