കോഴിക്കോട്: ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിച്ച രണ്ടുകോടിയുടെ മയക്കുമരുന്നു പിടിച്ചതുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത് എക്സൈസിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നു പരിശോധനകളിലുണ്ടാകുന്ന പിഴവുകള്‍.
ഇതിന് മുന്‍പും കോടികള്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ബംഗളൂരുവില്‍ നിന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളിലാണു വലിയ തോതില്‍ ലഹരിമരുന്ന് കടത്തുന്നതെന്നും കേരളത്തിലുടനീളം ഇതിനു കാരിയര്മാരുണ്ടെന്നും പോലീസ് പറയുന്നു.
ബസുകള്‍ മാറി മാറി കയറിയാണ് ഇവര്‍ പോലീസിന് ‘രഹസ്യ വിവരം’ നല്‍കുന്നവരെ കബളിപ്പിക്കുന്നത്. ഇന്നലെ കോഴിക്കോട്ടു പിടിയിലായ യുവതിയില്‍ നിന്നു നിര്‍ണായക വിവരങ്ങളാണു പോലീസിനു ലഭിച്ചത്.ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി(24) യാണ് പിടിയിലായത്.
കേസിലെ രണ്ട് പ്രതികളെ നേരത്തെ പിടികൂടിയപ്പോള്‍ ജുമി ഒളിവിൽ പോയി ബംഗളൂരുവിൽ താമസിക്കുകയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി കാരിയറായി ഉണ്ടാക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിച്ച് ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ വലിയ ഹോട്ടലുകളിൽ റൂം എടുത്ത് താമസിക്കുകയാണ് പതിവ്.പണം തീരുമ്പോള്‍ വീണ്ടും കാരിയറാവും.വര്‍ഷങ്ങള്‍ക്ക് മുന്നേ തുടങ്ങിയ പണി പാളിയത് ഇപ്പോള്‍ മാത്രം.
ബംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം.
പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു രണ്ട് കോടിയിലധികം വിലവരുന്ന മാരക മയക്കുമരുന്നുകൾ പിടികൂടിയിരുന്നു. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
ഓടി രക്ഷപ്പെട്ട രണ്ടു പേരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒന്നാം പ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബംഗളൂരൂവിൽ നിന്നും രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തു.
ഇതിൽ ഷൈൻ ഷാജിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ബംഗളൂരുവിൽ നിന്നു ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയാണെന്നു മനസിലായി.ഷൈൻ നിരവധി തവണ ബംഗളൂരുവിൽ നിന്നു ടൂറിസ്റ്റ് ബസുവഴി മയക്കുമരുന്ന് കടത്തിന് ജുമിയെ കാരിയർ ആക്കിയിട്ടുണ്ട്.