അഞ്ചല്‍/കൊട്ടാരക്കര : സ്കൂളുകളില്‍ നിന്നും വിനോദ യാത്ര പുറപ്പെടും മുമ്പ് സ്കൂള്‍ വളപ്പില്‍ അപകടകരമാം വിധം ടൂറിസ്റ്റ് ബസുകള്‍ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
കഴിഞ്ഞ ഞായറാഴ്ച കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലും ഇക്കഴിഞ്ഞ ദിവസം അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് വിനോദ യാത്രയ്ക്കായി എത്തിയ ബസുകള്‍ ഉപയോഗിച്ച് അപകടകരമാം വിധം അഭ്യാസം കാണിച്ചത്. വെണ്ടാർ സ്കൂളിൽ അഭ്യാസ പ്രകടനം നടത്തിയ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. ഡ്രൈവർ രഞ്ജിയുടെ ലൈസൻസും പിടിച്ചെടുത്തു. രഞ്ജിയെ പുത്തൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിനോദയാത്രയ്ക്കുപോയ ബസ് തിരിച്ചെത്തിയപ്പോഴാണ് പിടിച്ചെടുത്തത്.
കൊട്ടാരക്കരയിൽ വിദ്യാർഥികൾ സ്കൂൾ വളപ്പിൽ കാറുകളിലും അഭ്യാസം നടത്തി. വേഗത്തില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ചുഴറ്റി എടുക്കുന്ന കാറില്‍ ഒരു പെണ്‍കുട്ടി വെള്ള കൊടി വീശുന്നതും കുട്ടികള്‍ തന്നെ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തം.
കാഴ്ചക്കാരായി നിന്ന വിദ്യാർത്ഥികൾ തങ്ങൾക്ക് ഭയമാകുന്നു എന്ന് വിളിച്ചു പറയുന്നതും ദൃശ്യങ്ങളിൽ കാണാം. കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തി. ഇതിനോടകം തന്നെ ബസുടമകളോട് ആര് ടി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ അധികൃതര്‍ നിര്‍ദേശം നല്കി കഴിഞ്ഞിട്ടുണ്ട്.
നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
ദൃശ്യങ്ങള്‍ പുറത്തായതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ബസുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ രംഗത്തെത്തി. ദൃശ്യങ്ങള്‍ പുറത്തായതോടെ അന്വേഷണത്തിന് ഉത്തരവിട്ട മോട്ടോര്‍ വാഹന വകുപ്പ് ഗുരുതരമായ നിയമലഘനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബസുകളുടെ പെര്‍മിറ്റ്, ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവ റദ്ദ് ചെയ്യുമെന്ന് പുനലൂര്‍ ജോയിന്റ് ആര് ടി ഒ വ്യക്തമാക്കി. ടൂര്‍ പാക്കേജിന്റെ ഭാഗമായി ബസുകള്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ പുറത്താണ്. ഇവ തിരികെ എത്തിയാല്‍ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് നടപടികള്‍ സ്വീകരിക്കുമെന്നും പുനലൂര്‍ ജോയിന്റ് ആര്‍ടിഒ സുരേഷ്കുമാര്‍ അറിയിച്ചു.
സ്കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പുറപ്പെട്ടിരിക്കുന്ന ബസ് തിരികെ വന്നാലുടൻ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അഭ്യാസ പ്രകടനം നടത്തിയ കാറിനും ബൈക്കുകൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ബസ് ഉടമസ്ഥനും ഡ്രൈവറിനുമെതിരെ കേസെടുക്കുമെന്ന് കൊട്ടാരക്കര പോലീസും അറിയിച്ചു. സംഭവ സമയം സ്കൂൾ വിദ്യാർത്ഥിയാണ് ബസ് ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഡ്രൈവറെ അറസ്റ്റു ചെയ്യുമെന്ന് പോലീസ്
മൈസൂർ ഭാഗത്തേക്ക് പോയിട്ടുള്ള ടൂറിസ്റ്റ് ബസ് ഇന്ന് തിരികെയെത്തുമ്പോൾ ഡ്രൈവറെ അറസ്റ്റു ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. അഭ്യാസ പ്രകടനം നടത്തിയ കാറിന്റെ ഉടമയെയും കാറിനു മുകളിൽ നിന്ന പെൺകുട്ടിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളധികൃതരുടെ അറിവോടെയല്ല ഇത് നടന്നതെന്നും ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരുടെ കുടിപ്പകയാണ് പിന്നിലെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
കൂടാതെ സ്കൂള്‍ വളപ്പില്‍ ഇത്തരത്തില്‍ ഉണ്ടായതില്‍ സ്കൂള്‍ അധികൃതര്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ ടൂറിസ്റ്റ് ബസുകളുടെ ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലുടനീളം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താനാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
അഞ്ചല്‍ ഈസ്റ്റ് സ്കൂളില്‍ വിദ്യാര്‍ഥികളെ മൈതാനത്തിന് നടുവില്‍ നിര്‍ത്തിയാണ് രണ്ട് ബസുകള്‍ അഭ്യാസം കാണിക്കുന്നത്. ഇതിൽ ഒരു ബസിലെ ഡ്രൈവർ തമിഴ്നാട്ടിൽ വച്ച് ഓടുന്ന ബസിൽനിന്നു ചാടിയിറങ്ങി നടക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിൽ ടൂറിസ്റ്റ് ബസിന് പുറമേ ലൈസന്‍സ് ഇല്ലാത്ത വിദ്യാര്‍ഥികള്‍ കാറും ബൈക്കും ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയിരുന്നു.