തലശേരി: പഠനയാത്രയ്ക്കായി വിദ്യാർഥിനികൾ ഉൾപ്പെടെ സഞ്ചരിച്ച ബസിൽ അർധരാത്രിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഡയല്യൂട്ട് ചെയ്ത മദ്യവും ലഹരിക്കുള്ള ഗുളികകളും ഉൾപ്പെടെ പിടികൂടി. ബസിനുള്ളിൽ മദ്യപിച്ച് ലക്കുകെട്ട വിദ്യാർഥികളെ പോലീസ് പിടികൂടി.
സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥികളെ പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. എന്നാൽ ഇവർ പോലീസിനെയും അധ്യാപകരെയും രക്ഷിതാക്കളെയും വെട്ടിച്ച് ബൈക്കിൽ ടൂറിസ്റ്റ് ബസിനെ പിന്തുടർന്ന് മൈസൂരുവിലെത്തി. തലശേരിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളുടെ പഠനയാത്രയ്ക്കിടെ ഇന്നലെ പുലർച്ചെയാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.
വിദ്യാർഥികളിൽ ചിലർ മദ്യപിച്ചതായി കണ്ടെത്തിയതോടെ അധ്യാപകർ തന്നെ പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിറക്കരയിൽ ബസ് തടഞ്ഞ് പരിശോധന നടത്തിയത്.
വോഡ്ക ഉൾപ്പെടെയുള്ള മദ്യവും ലഹരിഗുളികകളും കുട്ടികളുടെ ബാഗുകളിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട കുട്ടികളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. രക്ഷിതാക്കളെ വിളിച്ചു വരുത്തി കുട്ടികളെ താക്കീത് നൽകി വിട്ടയച്ചെങ്കിലും പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഉടൻ ഇവർ ബൈക്കിൽ മൈസൂരുവിലെത്തി.