പുൽപള്ളി: ടൗണ്‍ പരിസരത്തെ വയനാട് ലക്സ് ഇൻ ടുറിസ്റ്റ്ഹോം മാനേജർ രഞ്ജിത്ത്ദാസിനെ പോലീസ് മർദിച്ചതായി പരാതി.
പഞ്ചായത്ത് അധികൃതർ നിർദേശിച്ചതനുസരിച്ചു ആരോഗ്യവകുപ്പ് ജീവനക്കാരുടെ താമസത്തിനു സൗകര്യം ഒരുക്കി വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ടൂറിസ്റ്റ്ഹോമിൽനിന്നു മടങ്ങുന്നതിനിടെ ടൗണിൽവച്ചാണ് പോലീസ് മർദിച്ചതെന്നു രഞ്ജിത്ത്ദാസ് ജില്ലാ പോലീസ് മേധവിക്കു നൽകിയ പരാതയിൽ പറയുന്നു.
രഞ്ജിത്ത്ദാസിന്റെ പുറത്ത് ലാത്തിയടിയേറ്റതിന്റെ പാടുകളുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുതെന്നു നിർദേശിച്ചപ്പോൾ ധിക്കാരത്തോടെ പെരുമാറിയ രഞ്ജിത്ത്ദാസിനെ വിരട്ടിയോടിക്കുകമാത്രമാണ് ചെയ്തതെന്ന നിലപാടിലാണ് പോലീസ്.
പരാതിയുമായി എത്തിയ പിതാവിനും മകനും പോലീസ് സ്റ്റേഷനിൽ മർദനം
കൽപ്പറ്റ: പരാതിയുമായി എത്തിയ പിതാവിനും മകനും കന്പളക്കാട് പോലീസ് സ്റ്റേഷനിൽ മർദനം. കന്പളക്കാട് വൈശ്യൻവീട്ടിൽ അബു ഹാജിക്കും മകൻ ഷമീറിനുമാണ് മർദനമേറ്റത്.
തങ്ങളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ കൂടുതൽ താമസക്കാർ എത്തിയതു സംബന്ധിച്ചു കഴിഞ്ഞ ദിവസം പരാതിയുമായി സമീപിച്ചപ്പോഴാണ് ദുരനുഭവമുണ്ടായതെന്നു അബു ഹാജിയും ഷമീറും പറയുന്നു. പാരാതി കീറിക്കളഞ്ഞ എസ്ഐ അബു ഹാജിയെ മർദിച്ചു. ഇതുകണ്ടു നിലവിളിച്ചപ്പോഴാണ് ഷമീറിനെ മർദിച്ചത്.
ഹൃദ്രോഗത്തിനു ശസ്ത്രക്രിയ കഴിഞ്ഞയാളാണ് അബു ഹാജി. മർദനത്തെത്തുർന്നു നെഞ്ചുവേദന അനുഭവപ്പെട്ട അബുഹാജിയും കേൾവിശക്തി കുറഞ്ഞ ഷമീറും ചികിത്സ നേടി.
എസ്ഐക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി ഇവർ പറഞ്ഞു. കഴിഞ്ഞ ദിവസം കന്പളക്കാട് ടൗണിൽ മെഡിക്കൽ ഷോപ്പിനു മുന്നിൽ മരുന്നവാങ്ങാനെത്തിയ യുവാവിനെ പോലീസ് മർദിച്ചതായി പരാതി ഉയർന്നിരുന്നു.