തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുതുക്കിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു.
ഇതനുസരിച്ച് വിനോദയാത്ര പോകുന്നതിനു ഒരാഴ്ച്ച മുമ്പ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വാഹനത്തിന്റെ വിശദാംശങ്ങൾ ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒക്ക് നൽകണം.
വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒ മുമ്പാകെ പരിശോധിപ്പിച്ചിരിക്കണം.
നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയാറാക്കിയ വാഹന പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പുകൾ വാഹന ഉടമ/ഡ്രൈവർ എന്നിവർക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം.
വാഹന പരിശോധനാ റിപ്പോർട്ട് വാഹനത്തിന്റെ ഡ്രൈവർ യാത്രയിൽ ഉടനീളം സൂക്ഷിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കുകയുംവേണം.
വാഹന പരിശോധനാ റിപ്പോർട്ട് ആ പ്രത്യേക വിനോദയാത്രയ്ക്ക് മാത്രമാണ് ബാധകം.
വാഹന പരിശോധനയുടെ പേരിൽ സ്ഥാപന മേധാവികൾ വാഹന ഉടമയ്ക്കോ ഡ്രൈവറിനോ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കരുതെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശത്തിൽ പറയുന്നു.