വരന്തരപ്പിള്ളി: ഓണ്ലൈൻ പഠനത്തിനു ബുദ്ധിമുട്ടനുഭവിച്ച എച്ചിപ്പാറ ആദിവാസി കോളനിയിലെ വിദ്യാർത്ഥിനിക്കു നടൻ ടൊവിനോ തോമസ് ടെലിവിഷൻ സമ്മാനിച്ചു.
ടി.എൻ. പ്രതാപൻ എംപിയുടെ അതിജീവനം എംപീസ് വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ എച്ചിപ്പാറയിൽ നടന്ന ജില്ലാതല ഉദ്ഘാടന വേദിയിലാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ ടൊവിനോ തോമസ് മലയൻ കൂട്ടാല രഘു – ഷീജ ദന്പതികളുടെ മകളായ രഞ്ചുവിനു ടിവി സമ്മാനിച്ചത്.
ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്ത് നിർധന കുട്ടികൾക്കു പഠിക്കാൻ സൗകര്യമൊരുക്കുന്നതിൽ മത്സരബുദ്ധിയോടെ എല്ലാവരും മുന്നിട്ടിറങ്ങണമെന്നു പറഞ്ഞ ടൊവിനോ തന്റെ മകളുടെ സ്കൂൾ പ്രവേശനത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് ടെലിവിഷൻ നൽകിയത്.
എച്ചിപ്പാറ ട്രൈബൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ രഞ്ചുവിന്റെ വീട്ടിലെ ടിവി ആറുമാസം മുന്പ് തകരാറിലായിരുന്നു. കൂലിപ്പണിക്കാരനായ രഘുവിനു ലോക്ക് ഡൗണിനെതുടർന്ന് പണിയില്ലാതായതോടെ ടിവിയുടെ കേടുപാടുകൾ തീർക്കാൻ സാധിച്ചിരുന്നില്ല. ഓണ്ലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഏറെ വിഷമത്തിലായിരുന്നു ഈ കുടുംബം.
ട്രൈബൽ സ്കൂളിലെ പാചകത്തൊഴിലാളിയുടെ വീട്ടിൽ പോയാണു രഞ്ചു ആദ്യ മൂന്നു ദിവസങ്ങളിലെ ക്ലാസ് കേട്ടിരുന്നത്. വാർഡ് മെന്പർ സജീന മുജീബാണ് ഇവരുടെ അവസ്ഥ എംപിയുടെ ശ്രദ്ധയിൽപെടുത്തിയത്.
ഓണ്ലൈൻ ക്ലാസ് മുടങ്ങിയ വിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തോടെ പദ്ധതി വേഗത്തിൽ തുടക്കം കുറിക്കുകയായിരുന്നു ടി.എൻ.പ്രതാപൻ. ഓണ്ലൈൻ വിദ്യാഭ്യാസം ലഭിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന മേഖലയിലെ വിദ്യാർത്ഥികളെ സഹായിക്കാൻ തയാറാണെന്നും ടൊവിനോ പറഞ്ഞു.
ടിവിയിൽ മാത്രം കണ്ടിട്ടുള്ള ടൊവിനോ വീട്ടിലെത്തി ടിവി സമ്മാനിച്ചപ്പോൾ രഞ്ചുവിന്റെ സന്തോഷം ഇരട്ടിയായി. രഞ്ചുവിനൊപ്പം നാലാം ക്ലാസുകാരിയായ അനിയത്തിയും അടുത്ത വീട്ടിലെ രണ്ട് കുട്ടികളും ഈ ടിവി ഉപയോഗിച്ചു പഠിക്കും.
പഠനത്തിൽ മിടുക്കിയായ രഞ്ചു സ്കൂളിൽനിന്ന് എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പുകൾ വിജയിച്ചിട്ടുണ്ട്. സിവിൽ സർവീസിനുവേണ്ടി യുപി വിദ്യാർത്ഥികളെ ഒരുക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റെപ്പ് പരീക്ഷയിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ക്യാന്പിൽ പങ്കെടുത്തതും രഞ്ചുവായിരുന്നു.
പത്ത് ടിവിയാണ് ടൊവിനോ പദ്ധതിയിലേയ്ക്കു സമ്മാനിച്ചത്. മഞ്ജു വാര്യർ അഞ്ച് ടിവി നൽകും. ഇരിങ്ങാലക്കുടയിലെ പ്രവാസി നിസാർ അഷ്റഫ് പത്ത് ടിവിക്കുള്ള ചെക്ക് ചടങ്ങിൽ കൈമാറി.
സിനിമാ താരങ്ങളായ ബിജു മേനോൻ, സംയുക്താവർമ എന്നിവരും പദ്ധതിയുടെ ഭാഗമാകും.
ആദ്യഘട്ടത്തിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കും രണ്ടാം ഘട്ടത്തിൽ പട്ടികജാതി വിദ്യാർഥികൾക്കും മൂന്നാംഘട്ടത്തിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ വിദ്യാർഥികൾക്കും സ്മാർട്ട് ടിവി നൽകും.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദൻ, വാർഡ് മെന്പർ സജീന മുജീബ്, ഡിസിസി വൈസ് പ്രസിഡന്റ് സി.സി. ശ്രീകുമാർ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനയൻ പണിക്കവളപ്പിൽ, പിടിഎ പ്രസിഡന്റ് റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.