മോശമായി പെരുമാറിയ ആരാധകരിലൊരാളോട് ക്ഷുഭിതനാകുന്ന വീഡിയോ പുറത്തുവന്നതിൽ പ്രതികരണവുമായി നടൻ ടൊവിനോ തോമസ് രംഗത്ത്. സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി നേരിടുന്ന ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായാണു യുവതാരം രംഗത്തെത്തിയത്. പുതിയ ചിത്രം മെക്സിക്കൻ അപാരതയുടെ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ആരാധകരിലൊരാളോട് ക്ഷുഭിതനാകുന്ന ടൊവിനോയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായിട്ടാണ് ടൊവിനോ ഫേസ് ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
ടൊവിനോയുടെ പ്രതികരണത്തിന്റെ പൂർണരൂപം ഇങ്ങനെ;
പ്രിയപ്പെട്ടവരെ,
നിങ്ങളിൽ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാൻ. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാൾ. പ്രേക്ഷകരിൽനിന്ന് നല്ല വാക്കുകൾ കേൾക്കാനാകുന്ന കഥാപാത്രങ്ങൾ എന്നും ചെയ്യാൻ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുൻപും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയിൽ നിലനിൽക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്. പ്രൊമോഷന് വേണ്ടി തിയറ്ററുകളിലും കാന്പസുകളിലുമൊക്കെ പോയപ്പോൾ എത്രയോ പേർ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പും കയ്യടിയുമാക്കി മാറ്റിയിരുന്നു.
ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്നേഹത്തിനു പകരം നൽകാനാവൂ. ഇതിനിടയിൽ ചില മോശം അനുഭവങ്ങൾ കൂടിയുണ്ടായി. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേർ സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോൾ പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോൾ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. സിനിമയ്ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനിൽക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ…