തൃശൂർ : പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസ് നടത്തുന്ന റണ്‍ തൃശൂർ റണ്‍ സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്യും. 1959 ഇന്ത്യ-ചൈന തർക്കത്തിൽ ലഡാക്ക് അതിർത്തിയിൽ കാണാതായ 10 പോലീസുകാരുടെ സ്മരണാർത്ഥമാണ് പോലീസ് സ്മൃതി ദിനമായി ഒക്ടോബർ 21 ന് രാജ്യമെങ്ങും ആചരിക്കുന്നത്.
സ്മൃതി ദിന ഭാഗമായി ഞായറാഴ്ച രാവിലെ ആറിന് സിറ്റിപോലീസ് ഓഫീസ് പരിസരത്തുനിന്നാരംഭിക്കുന്ന അഞ്ച് കിലോമീറ്റർ കൂട്ടയോട്ടം ജയസൂര്യ ഫ്ളാഗ് ഓഫ് ചെയ്യും. ആയിരം പോലീസുകാരും രണ്ടായിരം പൊതുജനങ്ങളും പങ്കെടുക്കും.
രാവിലെ 11 ന് പോലീസ് ബുള്ളറ്റ് റാലി സിനിമാതാരം ടൊവിനോ തോമസ് ഫ്ളാഗ് ഓഫ് ചെയ്യും. യൂണിഫോം ധരിച്ച് പോലീസുകാർ മാത്രം പങ്കെടുക്കുന്ന റാലിയിൽ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയും ടൊവീനൊക്കൊപ്പം പങ്കുചേരും. 200 ബുള്ളറ്റിലാണ് യാത്ര.
കമ്മീഷണർ ഓഫീസ് പരിസരത്തുനിന്നാരംഭിച്ച് നഗരം ചുറ്റി മണ്ണുത്തി, പാലിയേക്കര എത്തി തിരിച്ച് തലോർ, ഒല്ലൂർ, ശക്തൻ സ്റ്റാൻഡ് വഴി സ്മൃതി യാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണമേറ്റു വാങ്ങി അയ്യന്തോൾ അമർജ്യോതിയിൽ പുഷ്പാർച്ചന നടത്തി തേക്കിൻകാട് മൈതാനിയിലെത്തി തെക്കേഗോപുര നടയിൽ സമാപിക്കും.