കൊച്ചി: വാളയാർ കേസിലെ പ്രതികളെ വെറുതേവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ ടോവിനോ തോമസ്. കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.
ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷറിയിലും ഈ നാട്ടിലെ താനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടോവിനോ പറഞ്ഞു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും, നിയമസംവിധാനങ്ങളും, നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ലെന്നും, അവർ പ്രതികരിക്കുമെന്നും ടോവിനോ തുറന്നടിച്ചു. ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവുമെന്നും ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.