സ്വന്തം ലേഖകൻ
തൃശൂർ: വ്യായാമം പ്രോൽസാഹിപ്പിക്കുന്നതിന് ജില്ലാ ഒളിന്പിക് അസോസിയേഷൻ നടപ്പാക്കുന്ന “ഒളിന്പിക് വേവ് ’ പദ്ധതി തൃശൂരിൽ തുടക്കമാകുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ എട്ടിനു സിനിമാ നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും.
ആരോഗ്യമുള്ള സമൂഹം, കായിക ക്ഷമതയുള്ള ജനത എന്ന മുദ്രാവാക്യവുമായാണ് ഒളിന്പിക് വേവ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാർഥികൾ മുതൽ മുതിർന്ന പൗര·ാർ വരെയുള്ള എല്ലാവർക്കും പങ്കാളികളാകാം. താൽപര്യമുള്ളവർക്കെല്ലാം കേരള ഒളിന്പിക് അസോസിയേഷന്റെ വെബ്സൈറ്റിലൂടെ പേർ രജിസ്റ്റർ ചെയ്യാം.
നൂറു രൂപയാണു ഫീസ്. ആറു മാസംകൊണ്ട ലക്ഷം പേരെ അംഗങ്ങളാക്കാനാണു പരിപാടി. ഒളിന്പിക് വേവ് പദ്ധതിയുടെ ചെയർമാനായി ടൊവിനോ തോമസിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ കേരളത്തിൽ 14 ജില്ലകളിലുമുള്ള “നടത്തം’ അടക്കമുള്ള എല്ലാ വിഭാഗം വ്യായാമക്കാർക്കും സംഘടിത രൂപം നൽകും.
ജോഗിംഗ്, സൈക്ലിംഗ, യോഗ, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നവർക്കെല്ലാം ജേഴ്സി അടക്കമുള്ള കൂടുതൽ സൗകര്യങ്ങൾ നൽകാനാണു പരിപാടിയെന്ന് ടി.ടി. ജയിംസ് പറഞ്ഞു.
രജിസ്ട്രേഷൻ നടത്തി അംഗങ്ങളാകുന്നവർക്ക് വ്യായാമത്തിനു കൂടുതൽ സൗകര്യങ്ങൾ നൽകണമെന്നാണ് നിർദേശം.
ഞായറാഴ്ച രാവിലെ തൃശൂരിൽ നടക്കുന്ന പരിപാടിയിൽ തൃശൂർ മേയർ എം.കെ. വർഗീസ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയാകും.