മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് ധനുഷിന്റെ വില്ലനായി തമിഴിൽ എത്തുന്നു. ധനുഷ് നായകനായെത്തുന്ന മാരിയുടെ രണ്ടാംഭാഗത്തിലാണ് ടൊവിനോ വില്ലൻ വേഷമണിയുന്നത്. ചിത്രത്തിന്റെ സംവിധായകൻ ബാലാജി മോഹനാണ് ഈ വിവരം പുറത്തുവിട്ടത്. ലോക്കൽ ഗുണ്ടാ നേതാവിന്റെ കഥ പറഞ്ഞ മാരിയുടെ രണ്ടാം ഭാഗം ഉടൻ ചിത്രീകരണമാരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു.
മാരി2 വിലെ മറ്റ് കഥാപാത്രങ്ങൾ ആരെല്ലാമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 2015ൽ പുറത്തിറങ്ങിയ മാരിയുടെ ആദ്യ ഭാഗത്ത് ഗായകനും മലയാളിയുമായ വിജയ് യേശുദാസാണ് വില്ലനായി എത്തിയിരുന്നത്. കാജൽ അഗർവാൾ, റോബോ ശങ്കർ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചത്.സെപ്റ്റംബർ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രമായ തരംഗം ധനുഷാണ് നിർമിച്ചിരിക്കുന്നത്. അതേസമയം ടൊവിനോയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അഭിയുടെ അനുവും റിലീസിനൊരുങ്ങുകയാണ്.