മായാനദി എന്ന തന്റെ ചിത്രം കാണുന്നില്ല എന്ന് അഭിപ്രായപ്പെട്ടവരോട് തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്ന് നടൻ ടോവിനോ തോമസ്. ഇത്തരം തീരുമാനങ്ങളിൽ തോൽക്കുന്നത് സിനിമ എന്ന കലാരൂപമാണെന്നും ടോവിനോ പറഞ്ഞു. മായാനദിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ചിത്രത്തിലെ നായകനായ ടോവിനോ തോമസ് തന്റെ അഭിപ്രായവുമായി ഫേസ് ബുക്കിലെത്തിയത്.
“”മായാനദി എന്ന ചിത്രം ഈ 22നു തിയറ്ററുകളിലെത്തിയതു മുതൽ സോഷ്യൽ മീഡിയ വഴിയായുമൊക്കെ ഒരുപാട് പേഴ്സണൽ മെസേജുകൾ എനിക്ക് കിട്ടുന്നുണ്ട് – സിനിമ ഇഷ്ടപ്പെട്ടു , കഥാപാത്രങ്ങൾ ഹോണ്ട് ചെയ്യുന്നു എന്നൊക്കെ അറിയിച്ച് കൊണ്ട്.നേരിട്ട് മെസേജുകൾക്ക് മറുപടി കൊടുക്കണമെന്നുണ്ട്, പക്ഷേ ഷൂട്ടിനിടയിൽ അതിനു നിർവാഹമില്ലാത്തത് കൊണ്ടാണു ഇങ്ങനെയൊരു പോസ്റ്റിടുന്നത്.
ആദ്യ ദിവസം മുതൽ തിയറ്ററുകളിൽ എത്തിയതിനു , സിനിമ കണ്ടിഷ്ടപ്പെട്ട് നല്ല വാക്കുകൾ മറ്റുള്ളവരോട് പറഞ്ഞ് കൂടുതൽ ആളുകളെ തയറ്ററുകളിലെത്തിച്ചതിനു, സർവോപരി മാത്തനെയും അപ്പുവിനെയും ചേർത്തു പിടിച്ച് നെഞ്ചിലേറ്റിയതിനു …!ഇനിയും സിനിമ കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും അടുത്തുള്ള തിയറ്ററുകളിൽ പോയി കണ്ട് അഭിപ്രായങ്ങൾ അറിയിക്കണം.
ഈ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല, വിരോധവുമില്ല, പിണക്കവുമില്ല. കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകൾ തിയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങൾ . ഈ സിനിമയും തിയറ്റർ അല്ലാത്ത മറ്റൊരു മാധ്യമത്തിലൂടെ കാണുമെന്നു പറയുന്നു, അത് നിങ്ങളുടെ ഇഷ്ടമാണ്, നിങ്ങളുടെ തീരുമാനമാണ്.
പക്ഷേ മായാനദി എന്ന ചിത്രം നിങ്ങൾക്ക് തരുന്ന ഒരു തിയറ്റർ എക്സ്പീരിയൻസ് തീർത്തും നിസാരമായ കാരണങ്ങളുടെ പേരിൽ അതു നിങ്ങൾ നഷ്ടപ്പെടുത്തരുത് എന്നാണു നിങ്ങൾ സ്നേഹിക്കുന്ന നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ എന്ന രീതിയിൽ എനിക്ക് പറയാനുള്ളത് .
സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തിയറ്ററിൽ കാണില്ല എന്ന ഒരു തീരുമാനത്തിൽ തോൽക്കുന്നത് ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവർത്തകരോ അല്ല മറിച്ച് നമ്മൾ സ്നേഹിക്കുന്ന… എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണു.അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു” -ടോവിനോ പറയുന്നു.
കഴിഞ്ഞ ദിവസം പ്രിയദർശനും മായാനദിയെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു.