കുഞ്ഞിക്കേളു, മണിയന്, അജയന്…ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന് പാക്ക്ഡ് ത്രീഡി ത്രില്ലര് അജയന്റെ രണ്ടാംമോഷണം തിയറ്ററുകളില്. ടൊവിനോയുടെ കരിയറിലെ അമ്പതാമതു റിലീസ്. കൃതി ഷെട്ടിയും ഐശ്വര്യ രാജേഷും സുരഭിലക്ഷ്മിയും നായികമാര്.
മലയാളത്തില് ദിബു നൈനാന് തോമസിന്റെ വരവറിയിക്കുന്ന മ്യൂസിക്. ജോമോന് ടി. ജോണിന്റെ അഴക് ഫ്രെയിമുകള്. ഷെമീര് മുഹമ്മദിന്റെ കയ്യടക്കമുള്ള എഡിറ്റിംഗ്. സുജിത് നമ്പ്യാരുടെ ഡീറ്റയിലിംഗ് എഴുത്ത്. എട്ടു വര്ഷം ടൊവിനോയുടെ ഡേറ്റിനു കാത്തിരുന്ന ജിതിന് ലാല് എന്ന സംവിധായകന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രം. ലിസ്റ്റിൻ സ്റ്റീഫനും ഡോ. സക്കറിയ തോമസുമാണ് നിര്മാണം.
‘ഒറ്റ നോട്ടത്തില് ഇതു ഗ്രാമം, ഉത്സവം…അങ്ങനെയൊക്കെ പോകുന്ന സിനിമയാണ്. പക്ഷേ, അതല്ലാത്ത ലെയറുകളും ഇതിലുണ്ട്. കുറെ മിത്തുകളും ഭാവനയും ഫാന്റസിയും ചെറിയ മാജിക്കല് റിയലിസവുമൊക്കെയുള്ള കഥയാണ് ‘- പ്രമോഷന് പരിപാടിയില് ടൊവിനോ പറഞ്ഞു.
ജിതിന്റെ കാത്തിരിപ്പ്
ജിതിന്ലാലിനെ 2014 മുതല് അറിയാം. എന്നും നിന്റെ മൊയ്തീനില് അസിസ്റ്റന്റായിരുന്നു. അതില് ഞാനും ഒരു വേഷം ചെയ്തിരുന്നു. 2017ല് ഞാന് ഗോദയില് അഭിനയിക്കുമ്പോഴാണ് അതിൽ അസോസിയേറ്റായിരുന്ന ജിതിനും ഇതിന്റെ റൈറ്റര് സുജിത് നമ്പ്യാരും ഈ കഥ പറഞ്ഞത്.
കമല്ഹാസന് സാര് ചെയ്യുംപോലെയൊക്കെ മൂന്നു കഥാപാത്രങ്ങള് എങ്ങനെ ഞാന് ചെയ്യും. രണ്ട് ആര്ട്ടിസ്റ്റുകളെ കൂടി കാസ്റ്റ് ചെയ്ത് ഇതു മള്ട്ടി സ്റ്റാര് പടമാക്കാമെന്നു പറഞ്ഞെങ്കിലും മൂന്നു വേഷങ്ങളും ഞാന് തന്നെ ചെയ്യണമെന്ന കാര്യത്തില് അവര് ഉറച്ചുനിന്നു.
ആദ്യ കഥാപാത്രം ആരംഭിക്കുന്ന ഒരു ദൗത്യം രണ്ടാമത്തെ കഥാപാത്രത്തിലൂടെ തുടര്ന്ന് മൂന്നാമത്തെ കഥാപാത്രം അതു പൂര്ത്തിയാക്കുകയാണ്. ഇത്രവലിയ ഒരു സിനിമ ചെയ്യാന് വൻ ബജറ്റ് വേണമെന്ന് ബോധ്യമുണ്ടായിരുന്നു. അതിനാല് ഇനിയും സമയമെടുക്കുമെന്നും ഇതിനിടയില് ഒരു ചെറിയ പടം ചെയ്യാമെന്നും ഞാന് ജിതിനോടു പറഞ്ഞു.
പക്ഷേ, ഇതിനുവേണ്ടി ജിതിന് എട്ടു വര്ഷം കാത്തിരുന്നു. അപ്പോഴെല്ലാം ഈ പടത്തിനു വേണ്ടിയുള്ള തയാറെടുപ്പുകളിലായിരുന്നു. 2017 ല് ചെയ്യാന് തീരുമാനിച്ച സിനിമ, 2020ല് അനൗണ്സ് ചെയ്ത സിനിമ, 2022 ഒക്ടോബറില് തുടങ്ങി. ചീമേനിയിലായിരുന്നു ഷൂട്ടിംഗ്.
കളരി തുണച്ചു
കുഞ്ഞിക്കേളു എന്ന സാമൂഹിക പരിഷ്കര്ത്താവും യോദ്ധാവും. മണിയന് എന്ന റിബലായ കള്ളന്. അജയന് എന്ന ട്യൂഷന് മാഷ്. വടക്കന് കേരളത്തില് അവര് ജീവിച്ച കാലഘട്ടങ്ങളില് ഈ മൂന്നു കഥാപാത്രങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു കളരി. മൂന്നുപേരും കളരി ഉപയോഗിച്ചതു മൂന്നു വ്യത്യസ്തകാര്യങ്ങള്ക്കാണ്.
അതുകൊണ്ടുതന്നെ സെറ്റിലെത്തുന്നതിനു രണ്ടു മാസം മുമ്പേ ഞാന് കളരി പഠിച്ചു തുടങ്ങി. ഷൂട്ടിംഗ് പൂര്ത്തിയാകുംവരെ മൊത്തം ആറു മാസം പരിശീലനം തുടര്ന്നു. ഗുരുക്കളും മകനും ശിഷ്യനും എന്റെ കൂടെ താമസിച്ചു പരിശീലിപ്പിച്ചതു വലിയ സഹായകമായി.
മെയ് പയറ്റിന്റെയും വാള്പയറ്റിന്റെയും ബേസിക് പഠിച്ചു. ഫൈറ്റ് അല്ലാതെ ഒരു സീന് ചെയ്യുമ്പോള് പോലും ആ കഥാപാത്രത്തിന്റെ ശരീരഭാഷയും ശരീരവിന്യാസവും സെറ്റ് ചെയ്യുന്നതിനും കളരിപഠനം തുണച്ചു.
വീരം, രൗദ്രം, കരുണം
ചിയ്യോതിക്കാവ് എന്ന ഗ്രാമത്തിലാണ് ഈ സിനിമയുടെ 90 ശതമാനം കഥയും സംഭവിക്കുന്നത്.1800കളിലെ കഥാപാത്രമാണ് കുഞ്ഞിക്കേളു. 1945-50 കളിലെ കഥാപാത്രമാണു മണിയന്. അജയന് 1994-95ലെയും. ഓരോ കഥാപാത്രത്തിന്റെയും ലുക്ക്, നടപ്പ്, നോട്ടം, നില്പ്പ്, ശബ്ദം…അത്തരം കാര്യങ്ങള് മനസില്വച്ചു.
ലൊക്കേഷനില് അതിനെ ഇംപ്രോവൈസ് ചെയ്തു. സിനിമയിൽ മുത്തശി കൊച്ചുമകനു കഥ പറഞ്ഞുകൊടുക്കുമ്പോള് കുഞ്ഞിക്കേളുവിനെ ദേവഗണമെന്നും മണിയനെ അസുരഗണമെന്നും അജയനെ മനുഷ്യഗണമെന്നും സൂചിപ്പിക്കുന്നുണ്ട്. കുഞ്ഞിക്കേളുവിന് വീരവും മണിയന് രൗദ്രവും അജയനു കരുണവുമാണ് ബേസിക് വികാരങ്ങള്. ആദ്യം ഷൂട്ട് ചെയ്തത് മണിയന്. രണ്ടാമത് അജയന്. മൂന്നാമതു കുഞ്ഞിക്കേളു. 118 ദിവസത്തെ ഷൂട്ടിംഗ്.
വെല്ലുവിളി
കളരി പഠിക്കുക എന്നതിനേക്കാള് എന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ മൂന്നു കഥാപാത്രങ്ങളെയും രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ വേറിട്ടു നില്ക്കുന്ന രീതിയില് അവതരിപ്പിക്കുക എന്നതായിരുന്നു.
തുറന്ന ചർച്ചകളായും ആക്ടിംഗ് വര്ക്ക് ഷോപ്പുകളായും കൂടുതല് സമയം അതിനുവേണ്ടിയാണു ചെലവഴിച്ചത്. കാസര്ഗോഡിനോട് അടുത്തുനില്ക്കുന്ന നീലേശ്വരം ഭാഗങ്ങളിലെ ഭാഷയാണ് ഈ സിനിമയില്. ഇതിന്റെ റൈറ്റര് സുജിത്തേട്ടന്റെ സഹായത്തോടെയാണ് ആ സ്ലാംഗ് കൃത്യമാക്കിയത്. ഡബ്ബിംഗിലും അദ്ദേഹം കൂടെയുണ്ടായിരുന്നു.
ത്രീഡിയില് കാണണം
അജയന്റെ ഒന്നാം മോഷണവും രണ്ടാം മോഷണവുമൊക്കെ സിനിമയിലുണ്ട്. അതിലുപരി മൂന്നു തലമുറകളുടെ വലിയ കഥയുണ്ട്. സുരഭിലക്ഷ്മി ഇതില് എന്റെ ഭാര്യയായും അമ്മൂമ്മയായും രണ്ടു വേഷങ്ങളില്. രോഹിണിച്ചേച്ചി എന്റെ അമ്മയായും മകളായും രണ്ടു വേഷങ്ങളിൽ.
ജഗദീഷേട്ടന് നാണുവെന്ന കഥാപാത്രമായി മണിയനൊപ്പമാണുള്ളത്. നോണ് ലീനിയര് കഥപറച്ചിലാണെങ്കിലും സിംപിളാണു കഥ. ഈ കഥ പറയുന്നതിനു ത്രീഡി ഭംഗിയായി ഉപയോഗിക്കാനാകുമെന്ന് ആദ്യമേ തോന്നിയിരുന്നു. ത്രിഡിയിൽ ഒരു ഇമോഷണല് സീന് കാണുന്പോഴും നമ്മള് കുറച്ചുകൂടി ആ സീനില് ഇന് ആയതായി തോന്നുമല്ലോ. ഈ സിനിമ അതിന്റെ പൂര്ണതയില് ആസ്വദിക്കണമെങ്കില് ത്രീഡിയില് തന്നെ കാണണം.
ടി.ജി. ബൈജുനാഥ്