ആരെന്ത് കമന്റടിച്ചാലും പ്രതികരിക്കാതെ മൗനം പാലിക്കുന്നവരല്ല പുതിയ നടീ നടന്മാര്. മനപൂര്‍വ്വം കുറ്റപ്പെടുത്തി സംസാരിക്കുന്നവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി അവര്‍ രംഗത്തെത്തുക തന്നെ ചെയ്യും. അത്തരത്തിലുള്ള ഒരാളാണ് യുവ നടന് ടോവിനോ തോമസ്. ആരാധകരുടെ എണ്ണത്തോളം തന്നെ വിമര്‍ശകരുമുള്ള നടനാണ് ടോവിനോ. സംവിധായകന് കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരേ പ്രതിഷേധിച്ച അലന്‍സിയറിന് പിന്തുണയര്‍പ്പിച്ചെത്തിയ ടൊവീനോയുടെ നിലപാടുകള്‍ക്കെതിരേയും ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ഒരു മെക്സിക്കന്‍ അപാരതയുടെ പോസ്റ്റര്‍ അദ്ദേഹം തന്റെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സിനിമയിലൂടെ നടന് രാഷ്ട്രീയം പറയുകയാണെന്നായിരുന്നു ഒരു വിമര്‍ശകന്റെ കമന്റ്. ‘താനൊക്കെ എന്തൊരു നടനാടോ? നടന് എന്നു വച്ചാല്‍ എല്ലാവരേയും ഉള്‍ക്കൊള്ളണം. അവരില്‍ പല രാഷ്ട്രീയമുള്ളവര്‍ കാണും. പക്ഷേ താങ്കളെ ഇഷ്ടപ്പെടുന്നത് രാഷ്ട്രീയവും മതവും ജാതിയും നോക്കിയല്ലാ അങ്ങനെ നോക്കാന്‍ പ്രേരിപ്പിക്കുകയാണ് താങ്കള്‍. സിനിമാലോകം എന്നു പറയുന്നത് കമലും, ആഷിഖ് അബുവും, റിമയും, അലന്‍സിയറും മാത്രമല്ലാട്ടോ. താങ്കളെക്കാള്‍ വലിയ കമ്യൂണിസ്റ്റാണല്ലോ ജോയിയേട്ടനും, മുകേഷും ഒക്കെ. അവരു പോലും കമലിന്റെയും അലന്‍സിയറുടെയും കാര്യത്തില്‍ പരസ്യമായി പ്രേക്ഷകരെ അപമാനിക്കുന്ന വിധത്തില്‍ ഒരു നിലപാട് എടുത്തില്ല. ഞാന്‍ താങ്കളെ ഗപ്പി സിനിമ കണ്ടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. താങ്കള്‍ ചെറുപ്പമാണ,് പലവിധത്തിലുള്ള ആളുകള്‍ താങ്കളെ ഇനിയും ഇഷ്ടപ്പെടാനിരിക്കുന്നു അതിന് കടയ്ക്കല്‍ കത്തിവയ്ക്കാതിരിക്കുന്നതല്ലെ ബ്രദര്‍ നല്ലത്?’ ഇങ്ങനെയായിരുന്നു ആരാധകന്റെ വിമര്‍ശനം.
ഇതിന് ചുട്ട മറുപടിയുമായി ടൊവീനോ എത്തി. ‘ദൈവമേ ,പണ്ട് എബിസിഡി യില്‍ വലതുപക്ഷക്കാരന് ആയി അഭിനയിച്ചിട്ടുണ്ട്. ഇപ്പൊ ഇടതുപക്ഷക്കാരന് ആയി അഭിനയിക്കുമ്പോള്‍ ഞാന്‍ കൂറ് മാറി എന്ന് പറയുവല്ലോ ഇവരൊക്കെ? ഗ്രോ അപ് ബ്രദര്‍ !!! മതത്തിനേക്കാളും രാഷ്ട്രീയത്തിനേക്കാളും ഒക്കെ വലുത് മനുഷ്യര്‍ അല്ലെ എന്റെ പൊന്നുചേട്ടാ ? ഇതായിരുന്നു ടൊവീനോയുടെ മറുപടി. അതിനിടെ മെക്സിക്കന്‍ അപാരത എന്ന പേരിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ‘ഈ പേര് ഇട്ടവര്‍ ഇതു എന്തോ സംഭവമാണ് എന്നാണു വിചാരിച്ചിരിക്കുന്നത്. അവരുടെ വിവരമില്ലായ്മ ഈ പേരില്‍ കൂടെ അറിയുന്നു’. എന്നായിരുന്നു വിമര്‍ശനം. ‘സാരമില്ല ചേട്ടാ, വിവരം ഇല്ലാത്തവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ? ചേട്ടന് വരെ ഈ നാട്ടില്‍ ജീവിക്കുന്നു. എന്നിട്ടാണ്’ ഇതായിരുന്നു ടൊവീനോയുടെ മറുപടി