മലയാളസിനിമയ്ക്ക് ലഭിച്ച പുതുവാഗ്ദാനമാണ് ടൊവിനോ തോമസ്. ദുല്‍ഖര്‍ സല്മാന് നായകനായ എബിസിഡിയിലെ വില്ലന്‍ വേഷമാണ് ടൊവിനോയ്ക്ക് സിനിമയില്‍ ആദ്യ ബ്രേക്ക് നല്‍കിയത്. എന്ന് നിന്റെ മൊയ്തീന്, ഗപ്പി… കൈനിറയെ സൂപ്പര്‍ഹിറ്റുകളുമായി കുതിപ്പുകയാണ് ഈ യുവതാരം. എന്നാല്‍ ഇപ്പോള്‍ ടൊവിനോയ്ക്കെതിരേ വലിയ പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കഥ കേള്‍ക്കാറില്ലെന്നും അഹങ്കാരം തലയ്ക്കുപിടിച്ചിരിക്കുകയാണെന്നുമാണ് ഫീല്‍ഡില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കു മറുപടിയുമായി യുവതാരം രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമാപ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് ടൊവിനോ തനിക്കെതിരായ വാര്‍ത്തകള്‍ക്കെതിരേ ആഞ്ഞടിച്ചത്.
കഥ കേള്‍ക്കാറില്ലെന്നും അഹങ്കാരം തലയ്ക്ക് പിടിച്ചെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ല. ഒഴിവുണ്ടാകുമ്പോള്‍ കഥ കേള്‍ക്കാറുണ്ട്. ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് ഏകദേശം തോന്നുന്ന കഥകള്‍ ഇഷ്ടമായാല്‍ പറയാറുണ്ട്. പിന്നെ കഥ കേള്‍ക്കുന്നില്ലെന്ന ആരോപണത്തെക്കുറിച്ച് എന്തുപറയാന്‍. രാവിലെ ഏഴുമണിക്ക് ഷൂട്ടിംഗ് തുടങ്ങിയാല്‍ രാത്രി പത്തുമണി വരെ വര്ക്കുണ്ടാകും. ഷൂട്ടിംഗിനിടയില്‍ എങ്ങനെയാണ് കഥ കേള്‍ക്കുന്നത്. ഞാന്‍ പ്ലാന്‍ ചെയ്തു ജീവിക്കുന്ന ഒരാളാണ്. അഹങ്കാരമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എനിക്കങ്ങനെ തോന്നിയിട്ടില്ല- ടൊവിനോ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.
ഒരു നടനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നരീതിയില് വാര്‍ത്ത വന്നതിനെക്കുറിച്ച് താരത്തിന്റെ വിശദീകരണം ഇങ്ങനെ- കഴിഞ്ഞദിവസം ഒരാള്‍ വിളിച്ച് എടാ നീ ആ നടനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോയെന്നു ചോദിച്ചു. ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ എങ്കില്‍ നിനക്കെതിരേ ആരോപണം ഉണ്ടെന്നായിരുന്നു അയാള്‍ സൂചന നല്‍കിയത്. സിനിമയില്‍ അടുത്തിടെ വന്നയാളാണ് ഞാന്‍. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല- ടെവിനോ കൂട്ടിച്ചേര്‍ത്തു.