ഈ യുവാവിന്റെ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു! തമ്മില്‍ വെട്ടികൊല്ലുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് സ്‌നേഹിച്ച് ജീവിക്കുന്നത്; കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ടോവിനോ തോമസ്

കൊലപാതക രാഷ്ട്രീയം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് തമ്മില്‍ ഒരുമിച്ച് ജീവിക്കുന്നതെന്നും നടന്‍ ടോവിനോ തോമസ്. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി വെട്ടേറ്റ് മരിച്ചതില്‍ ദുഖം രേഖപ്പെടുത്തികൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ശ്യാംപ്രസാദിനെ ഓര്‍ത്താണ് ടൊവിനോ ഇക്കാര്യം പറയുന്നത്. അതിന് പിന്നില്‍ ഒരു സെല്‍ഫിയുടെ ബന്ധമുണ്ടെന്നും ടോവിനോ കുറിച്ചു.

‘സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത , ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു . ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ? മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു . ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു . തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് മായാനദിയുടെ ക്ലൈമാക്‌സ് സീനുകള്‍ എടുക്കുന്ന സമയത്ത് ഇദ്ദേഹവുമായി സെല്‍ഫിയെടുത്തത് ഞാനോര്‍ക്കുന്നു. അദ്ദേഹത്തിന് സംഭവിച്ച ദുരന്തത്തിലുള്ള ആഴമായ ദുഖവും അസ്വസ്ഥതയും രേഖപ്പെടുത്തുകയും ചെയ്യുന്നു’. ടോവിനോ കുറിച്ചു.

മനസാക്ഷിയുള്ള ആരുടെയും മനസിലൂടെ കടന്നുവന്നേക്കാവുന്ന ചിന്തകളും ഹൃദയസ്പര്‍ശിയായ അനുഭവവും പങ്കുവച്ച ടോവിനോയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയ ശ്യാമിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് ആക്രമിച്ചത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴാണ് ബൈക്ക് തടഞ്ഞ് വെട്ടിയത്. അടുത്തുള്ള വീട്ടിലേയ്ക്ക് ഓടിക്കയറിയ ശ്യാമിനെ അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു.

Related posts