പ്രളയസമയത്ത് കൂടെനിന്നതുകൊണ്ട് നിങ്ങളുടെ ചിത്രം കാണില്ല, പടം നല്ലതായാല്‍ മാത്രമേ വിജയിപ്പിക്കൂ! പുതിയ ചിത്രത്തെക്കുറിച്ചുള്ള ആരാധകന്റെ ഈ കമന്റിന് നടന്‍ ടോവിനോ തോമസ് നല്‍കിയ മറുപടി ശ്രദ്ധേയം

പ്രളയകാലത്ത് മലയാളികളുടെ മനസില്‍ കടന്നുകൂടിയ മുറിവുണക്കാന്‍ ഏറ്റവും അടുത്തുനിന്ന വ്യക്തിയാണ് നടന്‍ ടോവിനോ തോമസ്. താരജാഡയില്‍ മാറി നില്‍ക്കാതെ ആവശ്യക്കാരന്റെ അടുത്തേയ്ക്ക് ഓടിയെത്തി സഹായ ഹസ്തം നീട്ടിയ അനേകം സുമനസുകളില്‍ ഒരാള്‍.

പ്രളയദിനങ്ങളില്‍ ചെയ്ത കാര്യങ്ങളെയോര്‍ത്ത് ഏറ്റവും കൂടുതല്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തിയും അദ്ദേഹമായിരിക്കും. ഒരു ഇലക്ഷനില്‍ നിന്നാല്‍ പുഷ്പം പോലെ ജയിക്കാവുന്ന ഇമേജാണ് ഇപ്പോള്‍ ടൊവിനോയ്ക്കുള്ളത്. എങ്കില്‍പ്പോലും തന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയല്ല താന്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായതെന്ന് കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ ടൊവിനോ.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ടൊവിനോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫിലിം പോസ്റ്ററിന് കീഴെ ഒരാരാധകന്‍ കമന്റിട്ടിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും’ഇതായിരുന്നു ആരാധകന്റെ കമന്റ്.

ഈ കമന്റിന് ടൊവിനോ നല്‍കിയ മറുപടി ഇങ്ങനെ: ‘സത്യം, അങ്ങനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ’. ഈ മറുപടിയെ പ്രശംസിച്ചുകൊണ്ടാണ് ഇപ്പോള്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

Related posts