പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന ചിലരുടെ പ്രചരണം വേദനിപ്പിച്ചെന്ന് സിനിമാ നടന് ടോവീനോ തോമസ്. മനുഷ്യത്വത്തിന്റെ പേരിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയതെന്നും ടോവീനോ പറയുന്നുണ്ട്.
‘വെള്ളപ്പൊക്കത്തില്‍ പെട്ടവര്‍ സിനിമ കാണാന്‍ ഇപ്പൊ തന്നെ തീയറ്ററിലേക്ക് വരുമെന്ന് പ്രതീക്ഷയൊന്നുമില്ല. ഞങ്ങള്‍ക്ക് ഒറ്റ മതമേ ഉള്ളു അത് മനുഷ്യത്വമാണ്. നിങ്ങള്‍ ഞങ്ങളുടെ സിനിമ കണ്ടില്ലെങ്കിലും കുഴപ്പമില്ല, ഞങ്ങളിത് ചെയ്തോളാം’. ടോവീനോ മാധ്യമങ്ങളോട് പറഞ്ഞു.
പ്രളയം ദുരന്തം സംഭവിച്ച ആദ്യ ദിവസം മുതല്‍ ടോവീനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ട്. സഹായവും, പിന്തുണയും സോഷ്യല്‍ മീഡിയയില്‍ ഒതുക്കാതെ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിയായിരുന്നു ടോവീനോയുടെ പ്രവര്‍ത്തനം. സിനിമാതാരം ഇന്ദ്രജിത്തും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഉറങ്ങിയിട്ട് 10-12 ദിവസങ്ങളായെന്നും, ഇങ്ങനെ പിന്തുണ നല്കാന് കഴിഞ്ഞതില്‍ ആത്മസംതൃപ്തി ഉണ്ടെന്നുമായിരുന്നു ഇന്ദ്രജിത്തിന്റെ മാധ്യമങ്ങളോട് ഉള്ള പ്രതികരണം. ആവശ്യസാധനങ്ങളുടെ ശേഖരണവും, സോര്ട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഇന്ദ്രജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
ഇരുവരേയും കൂടാതെ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന് തുടങ്ങിയ താരങ്ങളും സഹായഹസ്തങ്ങളുമായി മുന്നോട്ട് വന്നിരുന്നു.