ഭക്ഷണം ചോദിച്ചപ്പോഴും മേക്കപ്പ് മാറ്റാന്‍ ടിഷ്യു ചോദിച്ചപ്പോഴും കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞപ്പോഴുമെല്ലാം അപമാനിക്കപ്പെട്ടിട്ടുണ്ട്! നല്ല നിലയിലായപ്പോള്‍ മാന്യമായി പെരുമാറിയാണ് പ്രതികാരം ചെയ്യുന്നത്; ടൊവിനോ തോമസ് പറയുന്നതിങ്ങനെ

സിനിമയിലെത്തി താരമായിട്ടുള്ള അനേകം ആളുകളെപ്പോലെ തന്നെ, ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പ് ഒട്ടേറെ അപമാനങ്ങളും കഷ്ടപ്പാടുകളും തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യമായി ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ ഏതൊരു പുതുമുഖത്തെയും പോലെ താനും അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. മലയാള സിനിമക്ക് പറ്റിയ മുഖമല്ല എന്നുപോലും പറഞ്ഞവരുണ്ടെന്നും പലപ്പോഴും അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും ടൊവിനോ തുറന്നു പറഞ്ഞു. ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെ…

സിനിമ എന്നതുതന്നെ ഒരു പോരാട്ടമാണ്. ആദ്യമായി ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പേരെ കണ്ടു. മലയാളസിനിമക്ക് പറ്റിയ മുഖമല്ലെന്ന് പോലും പറഞ്ഞവരുണ്ട്. സംവിധായകരെന്ന് സ്വയം പരിചയപ്പെടുത്തിയ ചില വ്യാജന്മാരെയും കണ്ടിട്ടുണ്ട്. അവസരം വേണമെങ്കില്‍ പണം വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. വീട്ടില്‍ വലിയ താത്പര്യമുണ്ടായിട്ടല്ല സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്. കയ്യില്‍ പണമില്ല എന്നുപറഞ്ഞപ്പോള്‍ എത്ര തരാന്‍ പറ്റും എന്ന് ചോദിച്ചവരുണ്ട്. ഒടുവില്‍ മുഖം കാണിക്കാന്‍ പറ്റി.

മുഖം കാണിച്ചശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോള്‍, ‘അപ്പുറത്ത് ചോറുണ്ടാകും, വേണമെങ്കില്‍ പോയി കഴിക്കെടാ’ എന്ന് പറഞ്ഞവരുണ്ട്. മേക്കപ്പ് മാറ്റാന്‍ മുഖം തുടക്കാന്‍ വെറ്റ് ടിഷ്യു ചോദിച്ചപ്പോള്‍ ‘പൈപ്പുവെള്ളത്തില്‍ കഴുകിക്കളയെടാ’ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്. എല്ലാക്കാലത്തും അപമാനിക്കപ്പെട്ടിട്ടുണ്ട്.

വേറൊരു തരത്തില്‍ അതൊക്കെ ഊര്‍ജമായിട്ടുണ്ട്. കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന് ചീത്ത വിളിച്ചവരുണ്ട്. ഇതെല്ലാം ഞാന്‍ ഓര്‍ത്തുവെക്കാറുണ്ട്. ആര്‍ക്കുമുള്ള മുന്നറിയിപ്പല്ല ഇത്. എന്നെ അപമാനിച്ചവരോട് മാന്യമായായാണ് ഇപ്പോള്‍ പെരുമാറുന്നത്. അവരെക്കാള്‍ നല്ല നിലയിലാണ് ഞാനിപ്പോള്‍ ഉള്ളത്. അതുകൊണ്ട് അവരോട് മോശമായി പെരുമാറി പ്രതികാരം ചെയ്യണം എന്നൊന്നുമില്ല. മാന്യമായി പെരുമാറുന്നതിലുമുണ്ടല്ലോ ഒരു മധുരപ്രതികാരം. ടൊവിനോ പറഞ്ഞു.

Related posts