മലയാള സിനിമയിലെ യുവതാരങ്ങളില്‍ മുന്‍നിരയിലാണ് ടൊവിനോ തോമസിന്റെ സ്ഥാനം. ഇപ്പോള്‍ മലയാളത്തില്‍ ടൊവിനോയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. താരത്തിന് ഇഷ്ടംപോലെ ആരാധകരുമുണ്ട്. എന്നാല്‍ ആരാധകര്‍ തന്നെ ക്രിസ്ത്യാനി ആയതുകൊണ്ട് ഇച്ചായ എന്ന് വിളിക്കുന്നതിനോട് തിരെ യോജിപ്പില്ലെന്നാണ് നടന് പറയുന്നത്. വന്‍ ആരാധകവൃന്ദമുള്ള ടൊവീനോയെ ‘ഇച്ചായാ’ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ വിളിയിലുള്ള തന്റെ അതൃപ്തി നടന് തുറന്നു പറഞ്ഞത്.
‘ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞാനൊരു ക്രിസ്ത്യാനി ആയതു കൊണ്ടാണ് എന്നെ ഇച്ചായന് എന്നു വിളിക്കുന്നതെങ്കില് അതു വേണോ എന്നാണ്. സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. ആ ഒരു കണ്ണു കൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്.’
‘ഇച്ചായന് എന്നു എന്നെ വിളിക്കുമ്പോള്‍ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഓക്കെയാണ്. പക്ഷേ മുസ്ലിമായാല് ഇക്കയെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും ക്രിസ്ത്യാനിയായാല്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ എന്റെ പേര് വിളിക്കാം. ടൊവിനോ എന്നു വിളിക്കാം. അല്ലെങ്കില്‍ ടൊവി എന്നും വിളിക്കാം.’ അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു. ചെറുപ്പത്തില്‍ നമ്മള് മമ്മൂക്ക, ലാലേട്ടന് എന്നൊന്നുമല്ല, മോഹന്‍ലാലിന്റെ പടം, മമ്മൂട്ടിയുടെ പടം എന്നുതന്നെയാണ് പറയാറുള്ളത്.
അവര്വേറൊരു ലോകത്തുള്ളവരെ പോലെയാണ് കണക്കാക്കിയിരുന്നത്. അടുപ്പം തോന്നുമ്പോഴാണ് ഇക്ക, ഏട്ടന് എന്നൊക്കെ വിളിക്കുന്നത്. പിന്നെ ഇച്ചായന് എന്നുള്ള വിളി എനിക്കത്ര കേട്ടു പരിചയമില്ലാത്തതുകൊണ്ടാണ്.. ഇപ്പോള്് പരിചയിച്ചു വരുന്നേയുള്ളൂ. വര്‍ഗീയതയുമായി ബന്ധപ്പെടുത്തിയല്ല ആ വിളിയെങ്കില്‍ സന്തോഷമേയുള്ളൂ.
ടൊവിനോ തോമസ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഓസ്ക്കാര്‍ ഗോസ് ടുവിന്റെ വിശേഷങ്ങളുമായി സംവിധായകന് സലീം അഹമ്മദിനൊപ്പം എത്തിയതായിരുന്നു ടോവിനോ. ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു എന്ന ചിത്രത്തില്‍ ഇസഹാക്ക് എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. ചിത്രം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ലൂക്കയാണ് ടൊവിനോയുടെതായി തീയേറ്ററില്‍ എത്തുന്ന അടുത്ത ചിത്രം.