കൊറോണ വൈറസ് പടർന്നുപിടിക്കാൻ തുടങ്ങിയപ്പോഴാണ് രാജ്യത്ത് ലോക് ഡൗണ് പ്രഖ്യാപിച്ചത്. ഇതോടെ സിനിമ, സീരിയൽ ചിത്രീകരണങ്ങളും നിർത്തിവച്ചു. തിയറ്ററുകൾ അടച്ചിട്ടതോടെ റിലീസുകളും നിർത്തുകയായിരുന്നു.
വീട്ടിലിരിക്കാനുള്ള നിർദേശം പാലിക്കുകയെന്ന ഉത്തരവാദിത്തമാണ് നമുക്ക് ഇപ്പോഴുള്ളതെന്ന് നടൻ ടോവിനോ പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.
മനസിലാണ് ആഘോഷങ്ങളുടെ തിരി തെളിയുന്നതെന്നും താരം പറയുന്നു. അമ്മയുണ്ടാക്കുന്ന വിഭവങ്ങളില്ലാത്ത ഈസ്റ്ററായിരുന്നു കഴിഞ്ഞുപോയതെന്നും താരം പറയുന്നു.
വലിയ നഷ്ടം
ഈസ്റ്ററിന് എല്ലാവരും ഒരുമിച്ച് കൂടുന്ന പതിവാണ് തങ്ങളുടേതെന്ന് ടോവിനോ പറയുന്നു. രുചികരമായ വിഭവങ്ങളാണ് ഈസ്റ്ററിന് അമ്മ ഉണ്ടാക്കാറുള്ളത്. ആ ദിവസത്തെ പ്രധാന പ്രത്യേകതയും അത് തന്നെയാണ്. ഇത്തവണത്തെ വലിയ നഷ്ടവും അതായിരുന്നു.
അമ്മയുണ്ടാക്കുന്ന വിഭവങ്ങളില്ലാതെയായിരുന്നു ഈസ്റ്റർ കടന്നുപോയത്. ആഘോഷങ്ങൾക്കെല്ലാം പരിധി നിശ്ചയിക്കേണ്ടി വന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്-ടോവിനോ പറഞ്ഞു.
അനിയത്തിയുടെ ചികിത്സയ്ക്കായി അമ്മയും വെല്ലൂരിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഹോം ക്വാറന്ൈറനിലാണ് അമ്മ ഇപ്പോൾ.
കുട്ടികളെ വീട്ടിൽ നിർത്തണ്ട എന്ന് തീരുമാനിച്ചിരുന്നു. ഭാര്യയും കുഞ്ഞും ചേട്ടന്റെ ഭാര്യയും കുടുംബവും അവരുടെ വീടുകളിലേക്ക് പോവുകയായിരുന്നു. ഈസ്റ്ററിന് അവർ വീട്ടിലില്ലാത്തതും സങ്കടമുള്ള കാര്യമാണ്.
സഹോദരിയുടെ വിവാഹ ശേഷം ചേട്ടനും താനും ബാച്ചിലേഴ്സ് ആയിരുന്നപ്പോഴുള്ള ഈസ്റ്റർ ആഘോഷമാണ് ഓർമ്മയിൽ വരുന്നത്. ആഘോഷങ്ങളിലെല്ലാം പാചകവും ഒരുമിച്ചാണ്.
അമ്മയുടെ കൈയെത്താതെ തൃപ്തി വരാറില്ല. ഇത്തവണ അമ്മയെ അടുക്കളയിൽ കയറ്റിയില്ല. അമ്മയെ അമ്മയുടെ മുറിയിൽ നിന്നും പുറത്ത് ഇറക്കുന്നില്ല. വീട്ടിൽ അമ്മയും അപ്പനും ചേട്ടനും മാത്രമുള്ള അവസ്ഥയാണ് ഇപ്പോഴത്തേത്.
അമ്മ ചെയ്തിരുന്ന ജോലികളെല്ലാം ഇപ്പോൾ അപ്പനും മക്കളും ചേർന്നാണ് ചെയ്യുന്നത്. വർക്ക് ഫ്രം ഹോം ആയതിനാൽ ചേട്ടന് ജോലികളിൽ ചെറിയൊരു ഇളവ് കൊടുത്തിട്ടുണ്ട്. ഈസ്റ്റർ ദിനത്തിൽ അമ്മയുടെ കൈപ്പുണ്യം മിസ്സ് ചെയ്തെന്നും താരം പറയുന്നു.
ലോക് ഡൗണായതിനാൽ വീട്ടിൽത്തന്നെ ഇരിക്കുക, ഈ നിർദേശം എന്തിന് വേണ്ടിയെന്ന് മനസ്സിലാക്കി അത് പാലിക്കലാണ് ഇപ്പോഴത്തെ ഉത്തരവാദിത്തം. ഫെഫ്കയുടെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണിൽ താനും ഭാഗമാണെന്നും ടൊവിനോ പറയുന്നു.
ബ്രേക്ക് ദ ചെയ്ൻ ക്യാംപയിനുമായും ടൊവിനോ സഹകരിക്കുന്നുണ്ട്. വീട്ടിൽ ഇരുന്ന് നമ്മൾ മറ്റുള്ളവർക്ക് മാതൃകയാവേണ്ട സമയമാണ് ഇപ്പോഴത്തേത്. മിന്നൽ മുരളി എന്ന ചിത്രത്തിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോഡ് കൗണ് പ്രഖ്യാപിച്ചത്.
ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോൾ. ഈ സിനിമ പൂർത്തിയാക്കിയതിന് ശേഷം അടുത്ത ചിത്രത്തിലേക്ക് പോവുമെന്നും ടൊവിനോ തോമസ് പറയുന്നു.