കൊടകര: മറ്റത്തൂർ ആറേശ്വരം മലമുകളിലെ മൈക്രോ വേവ് ടവർ നോക്കുകുത്തിയായി.വാർത്താവിതരണ വകുപ്പിനു കീഴിൽ നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന മൈക്രോവേവ് റിപ്പീംഗ് സ്റ്റേഷന്റെ ബാക്കി പത്രമാണ് ഈ ടവർ.
ടവറുകൾ സർവവ്യാപിയല്ലാതിരുന്ന കാലത്ത് മലയോരത്തെ ഗ്രാമീണ ജനതയ്ക്ക് കൗതുകവും വിസ്മയവും പകർന്ന് തല ഉയർത്തി നിന്നിരുന്ന ആറേശ്വരത്തെ ടവർ ഇപ്പോൾ അനാഥാവസ്ഥയിലാണ്. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ റിപ്പീറ്റിംഗ് സ്റ്റേഷന്റെ ഭാഗമായിരുന്നു നാലുപതിറ്റാണ്ടു മുന്പ് മറ്റത്തൂർ പഞ്ചായത്തിലെ ആറേശ്വരം കുന്നിൻ മുകളിൽ സ്ഥാപിക്കപ്പെട്ട ഈ പടുകൂറ്റൻ ടവർ.
മറ്റത്തൂർ, വരന്തരപ്പിള്ളി, കൊടകര, ആളൂർ, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു നോക്കിയാൽ കാണാനാകും. ഓട്ടുകന്പനികളിലെ ഉയരമേറിയ പുകക്കുഴലുകളും വൈദ്യുതിബോർഡിന്റെ ഹൈടെൻഷൻ ടവർലൈനുകളും മാത്രം കണ്ടുപരിചയിച്ചവർക്ക് ടെലികമ്യൂണിക്കേഷൻസ് വകുപ്പു സ്ഥാപിച്ച ഈ മൈക്രോവേവ് സ്റ്റേഷന്റെ കൂറ്റൻ ടവർ വിസ്മയകാഴ്ചയായിരുന്നു.
എഴുപതുകളുടെ അവസാനമാണ് ഇത് ആറേശ്വരം കുന്നിനുമുകളിൽ സ്ഥാപിക്കപ്പെട്ടത്. ഈ ടവറിനു നെറുകയിലെ ചുവന്ന ലൈറ്റുകൾ കിലോമീറ്ററുകൾക്കപ്പുറം വരെ ദൃശ്യമായിരുന്നു. കുന്നിൻമുകളിലെ ടവറിനോടുചേർന്നു പ്രവർത്തിച്ചിരുന്ന മൈക്രോവേവ് സ്റ്റേഷനിൽ നിരവധി ഉപകരണങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു.
ഇവയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്തുന്നതിനാവശ്യമായ ജീവനക്കാരും ഇവിടെ നിയോഗിക്കപ്പെട്ടിരുന്നു. വാസുപുരത്തുനിന്ന് കുന്നിൻമുകളിലെ മൈക്രോവേവ് സ്റ്റേഷനിലേക്ക് പ്രത്യേക റോഡും വൈദ്യുതി ലൈനും ഉണ്ടായിരുന്നു.
പുത്തൻസാങ്കേതിക വിദ്യയുടെ വരവോടെ ആറേശ്വരം കുന്നിലെ മൈക്രോ വേവ് സ്റ്റേഷൻ നിർത്തലാക്കുകയും ജീവനക്കാരെ മറ്റിടങ്ങളിലേക്കു പുനർവിന്യസിക്കുകയും ചെയ് തു. ഉപകരണങ്ങൾ അഴിച്ചെടുത്തുകൊണ്ടുപോയതോടെ കെട്ടിടവും ടവറും അനാഥമായി.
കഴിഞ്ഞ നാലുപതിറ്റോളമായി കുന്നിൻ മുകളിൽ നോക്കുകുത്തിയായി നിലകൊള്ളുകയാണ് ഈ ടവർ. വനംവകുപ്പ് ജീവനക്കാർക്ക് വയർലസ് സംവിധാനത്തിന് ഈ ടവർ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും നടപ്പായില്ല.