കോഴിക്കോട്: അതിപ്രധാന കേസുകളിൽ പ്രതികളെ പിടികൂടാൻ പോലീസ് സ്വീകരിക്കുന്ന അന്വേഷണരീതിയാണ് ടവർ ഡംപ് പരിശോധന.സംശയിക്കുന്നവരുടെ പട്ടികതയാറാക്കി അവരുടെ മൊബൈൽ നന്പറുകൾ ശേഖരിക്കുകയാണ് ആദ്യപടി.
പിന്നീട് ആ നന്പറിൽ നിന്ന് പോയതും വന്നതുമായ കോളുകളുടെ വിശദാംശം സർവീസ് പ്രൊവൈഡറിൽനിന്ന് ശേഖരിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ വിവരങ്ങൾ നൽകണം. ഇങ്ങനെ ലഭിക്കുന്ന നിശ്ചിത കാലത്തെ കോളുകളിൽ നിന്ന് സംശയയുള്ളവരുടെ ലിസ്റ്റ് തയാറാക്കും.
സംശയിക്കുന്നവർ ഏതെല്ലാം ദിവസങ്ങളിൽ ഏതെല്ലാം സമയത്ത് പരസ്പരം ഫോണിൽ ബന്ധപ്പെട്ടിരുന്നു, അവർഏതെല്ലാം ടവറിനു കീഴിലായിരുന്നു തുടങ്ങിയ വിവരങ്ങളുടെ ചാർട്ട് തയാറാക്കും. പ്രതികൾ കുറ്റം നിഷേധിക്കുന്ന സമയങ്ങളിൽ, ഈ ചാർട്ട് കാണിച്ചാണ് കുറ്റം തെളിയിക്കുക. പ്രതികൾ ഒരുമിച്ച് സഞ്ചരിച്ചത് എവിടേക്കെല്ലാം , എത്ര സമയം ഓരോ സ്ഥലത്തും ചെലവഴിച്ചു തുടങ്ങിയ വിശദാംശങ്ങളും ടവർ ഡംപ് പരിശോധനയിൽ കണ്ടെത്താനാകും.
കൂടത്തായി കൊലപാതക പരന്പര കേസിൽ മുഖ്യപ്രതി ജോളിക്കൊപ്പം ആരൊക്കെ ഏതെല്ലാം ദിവസങ്ങളിൽ എവിടെയൊക്കെ പോയിട്ടുണ്ട്, എപ്പോഴൊക്കെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട് തുടങ്ങി വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. അറസ്റ്റിലായ മഞ്ചാടിയിൽ എം.എസ്. മാത്യുവിനെ ക്രൈംബ്രാഞ്ച് കുടുക്കിയത് ഈ തെളിവ് ഉപയോഗിച്ചാണ്.
ഇയാൾ എപ്പൊഴൊക്കെ കൂടത്തായിയിലെ പൊന്നാമറ്റത്തിൽ വീട്ടിൽ എത്തിയിരുന്നു ഇരുവരും ഒരുമിച്ച് എന്നൊക്കെ എവിടെയെല്ലാം യാത്രചെയ്തു തുടങ്ങിയ വിവരങ്ങൾ അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. സംശയമുനയിലുള്ള നിരവധിപേരുടെ യാത്രാ-ഫോൺവിളി വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുവച്ചിട്ടുണ്ട്. പ്രമാദമായ ടി.പി.ചന്ദ്രശേഖരൻ വധകേസിൽ ചിത്രത്തിൽ ഇല്ലാതിരുന്ന പലപ്രതികളെ കണ്ടെത്തിയത് ടവർ ഡംപ് പരിശോധനയിലൂടെ ആയിരുന്നു.
ടവര്‍ ഡംപ് പരിശോധന തുടങ്ങി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ടവര്‍ ഡംപില്‍ പ്രതീക്ഷയുമായി അന്വേഷണസംഘം. പോലീസ് സംശയിക്കുന്നവരും കേസിലെ മുഖ്യപ്രതി ജോളിയുമായുള്ള ബന്ധത്തെ കുറിച്ച് അറിയുന്നതിനാണ് ടവര്‍ ഡംപ് പരിശോധന നടത്തുന്നത്.
ഏത് ടവറിന് കീഴിലാണ് ജോളി ഏറ്റവും കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിച്ചതെന്നാണ് പരിശോധിക്കുന്നത്. വീടിനു സമീപത്തുള്ള ടവറില്‍ നിന്നും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കൂടാതെ ഇതേ ടവറിന് കീഴില്‍ അന്വേഷണസംഘം സംശയിക്കുന്ന മറ്റാരെങ്കിലും എത്തിയിരുന്നതായും പരിശോധിക്കുന്നുണ്ട്. ജോളിയുടെ മൊബൈലില്‍ നിന്ന് സംശയിക്കുന്നവരുടെ ഫോണിലേക്കുള്ള കോളുകളുടെ വിവരങ്ങളും (സിഡിആര്‍ – കോള്‍ ഡീറ്റെയില്‍ റിപ്പോര്‍ട്ട്) അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
വീടിനും പരിസരത്തും എന്‍ഐടിക്ക് സമീപത്തുമുള്ള ടവറുകളില്‍ രേഖപ്പെടുത്തിയ കോളുകളാണ് പരിശോധിച്ചുവരുന്നത്. ഒരു ദിവസം തന്നെ ലക്ഷക്കണക്കിന് ഫോണ്‍കോളുകളാണ് ഒരു മൊബൈല്‍ ടവറിന് കീഴില്‍ രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ ഓരോ സര്‍വീസ് പ്രൊവൈഡര്‍മാരുടെ ടവറുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
ശേഖരിച്ച വിവരങ്ങളില്‍ നിന്ന് ജോളിയുടേയും മറ്റു സംശയിക്കുന്നവരുടേയും വിവരങ്ങള്‍ കണ്ടെത്തുകയും അതുവഴി ചോദ്യം ചെയ്യല്‍ തുടരാനുമാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.സംശയമുനയിലുള്ള നിരവധിപേർ ജോളിയുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ടതിന്റെ ചാർട്ട് ക്രൈംബ്രാഞ്ച് തയാറാക്കി. ചോദ്യം ചെയ്യാനായി ഇവർക്ക് നോട്ടീസ് നൽകി തുടങ്ങി.