മണലൂർ: മഞ്ചാടി സെന്ററിലെ ജനവാസ കേന്ദ്രത്തിൽ സ്വകാര്യ കന്പനിയുടെ ടവർ നിർമ്മാണം ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു.നിലവിലെ സ്ഥലത്ത് അനുമതി ഇല്ലാതെയാണ് ടവർ പണിയാൻ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
മണലൂർ പഞ്ചായത്തിലെ മഞ്ചാടിയിൽ ഒന്പതാം വാർഡിലാണ് ജനകീയ പ്രതിഷേധത്തിൽ സ്വകാര്യ കന്പനിയുടെ മൊബൈൽ നിർമ്മാണം നിർത്തിവച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് കന്പനി സ്വകാര്യവ്യക്തിയുടെ പറന്പിൽ ടവർ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.
കുട്ടികളും സ്ത്രീകളുമടക്കം വലിയൊരു വിഭാഗമാണ് പ്രതിഷേധവുമായി എത്തിയത്.അനുമതി പത്രപ്രകാരം ഏഴാം വാർഡിലാണ് ടവർ നിർമ്മിക്കാൻ അനുമതി. എന്നാൽ ഈ ഉത്തരവു വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഒൻപതാം വാർഡിൽ ടവർ നിർമ്മിക്കാൻ ശ്രമമെന്ന് മെന്പർ പറഞ്ഞു. ധാരാളം രോഗികളുള്ള ജനവാസ മേഖലയിൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിന് രാഷ്ട്രീയ കക്ഷികളും പിന്തുണയുമായെത്തിയിട്ടുണ്ട്.
അതേസമയം ഇപ്പോൾ ഒൻപതാം വാർഡ് ആയ പ്രദേശം മുൻ കാലത്ത് ഏഴാം വാർഡ് ആയിരുന്നതായും, അതു പ്രകാരമാണ് അനുമതി നൽകിയിട്ടുള്ളതെന്നും മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി പറഞ്ഞു. സാങ്കേതികമായി വന്ന പിഴവാണ് ഇതെന്നും ,നിലവിലുള്ള ഒൻപതാം വാർഡിൽ തന്നെയാണ് അനുമതിയെന്നും പ്രസിഡന്റ് പറഞ്ഞു.