കോട്ടയം: നഗരമധ്യത്തിലെ നാലുനില കെട്ടിടത്തിൽ കൊല്ലപ്പെട്ടയാളെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല. കൊല്ലപ്പെട്ടത് ആരെന്നോ കൊലപാതകിയെക്കുറിച്ച് എന്തിനാണ് കൊല നടത്തിയതെന്നോ ഉള്ള ഒരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരനാണ് എന്ന ഒറ്റ വിവരമേ ഇപ്പോൾ പോലീസിന്റെ പക്കലുള്ളു.
കൊല്ലപ്പെട്ടയാളുടെ ചിത്രം ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിലും മറ്റും പ്രദർശിപ്പിച്ചെങ്കിലും ആളെ തിരിച്ചറിയാനുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നു രാവിലെ തിരുനക്കരയിൽജോലി തേടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ചിത്രം പോലീസ് കാണിച്ചു. ഒരാൾ പോലും ഇയാളെ കണ്ടതായി പറയുന്നില്ല.
എംസി റോഡിൽ ഐഡ ഹോട്ടലിന്റെ സമീപത്ത് ലക്ഷ്യ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ നാലാം നിലയിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിൽ കുത്തേറ്റ് രക്തം വാർന്ന് കമിഴ്ന്ന നിലയിലാണ് മൃതദേഹം കിടന്നത്. കെട്ടിട നിർമാണത്തിനായി രാവിലെ നാല് ഇതരസംസ്ഥാന തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവ സ്ഥലത്തു നിന്ന് മണം പിടിച്ച പോലീസ് നായ ആദ്യം ഓടിക്കയറിയത് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പിലേക്കാണ് എന്ന ഒറ്റ സൂചന മാത്രമാണ് ഇപ്പോഴുള്ളത്.ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്നു സംശയിക്കുന്നു.
മൃതദേഹം കിടന്ന നാലാം നിലയിലേക്ക് പുറത്തു സ്ഥാപിച്ച താൽക്കാലിക ഗോവണി വഴി മാത്രമേ കയറാനാവു. ഇതിലെ എന്തിനാണ് കൊല്ലപ്പെട്ടയാളും കൊലപാതകിയും എത്തിയത് എന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം ഇതുവരെ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ല. ഇന്നുകൂടി തിരിച്ചറിയുന്നില്ലെങ്കിൽ നാളെ പോസ്റ്റ്മോർട്ടം നടത്താനുള്ള ആലോചനയിലാണ് പോലീസ്.
സംഭവ ദിവസം രണ്ടു പേർ രാത്രിയിൽ റോഡിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തമല്ല. വ്യക്തമായ ചിത്രങ്ങൾ ലഭിക്കുമോ എന്നറിയാനായി അന്വേഷണം നടത്തി വരികയാണ്.