കൊച്ചി: ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അറസ്റ്റിലായവരുമായി ബന്ധമുള്ള രണ്ട് യുവതികളെക്കൂടി ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ.
ഇരുവരോടും കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജാരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്നാൽ ഇവരോട് എത്താൻ പറഞ്ഞിട്ടുള്ള ദിവസവും സമയവും വെളിപ്പെടുത്താൻ എന്‍ഐഎ ഉദ്യോഗസ്ഥര്‍ തയാറായില്ല.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ താണയിലെ വീട്ടില്‍ എന്‍ഐഎ പരിശോധന നടത്തി തീവ്രവാദ ബന്ധമുള്ള തെളിവുകള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നോട്ടീസ് നല്കിയ യുവതിയുടെയും യുവാവിന്റെയും അറസ്റ്റ് ഇന്നലെ എന്‍ഐഎ രേഖപ്പെടുത്തി.
ഇതേ തുടര്‍ന്നാണ് ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ കൂടി ചോദ്യം ചെയ്യാന്‍ എന്‍ഐഎ ഒരുങ്ങുന്നത്.
അറസ്റ്റിലായ യുവതി ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോകുന്നതിനിടെ ഇറാനിലെ ടെഹ്റാന് എയര്‍പോര്‍ട്ടില്‍ വച്ച് ഇറാക്കി സൈന്യത്തിന്റെ പിടിയിലാകുകയും പിന്നീട് ഇവരെ തിരികെ ഇന്ത്യയിലേക്ക് അയയ്ക്കുകയുമായിരുന്നു.
ഇവര്‍ കണ്ണൂരില്‍ താമസിച്ച് കേരളത്തിലടക്കം ഐഎസ് റിക്രൂട്ട്മെന്റ് നടത്തുന്ന ഏജന്റാണെന്നാണ് എന്‍ഐഎ പറയുന്നത്.
യുവതിക്കൊപ്പം അറസ്റ്റിലായ പത്തൊമ്പതുകാരനില്നിന്ന് കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റിനെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങളാണ് എന്‍ഐഎക്ക് ലഭിച്ചത്. നാലുപേരാണ് കേസില്‍ ഉള്ളത്.
ഇതില്‍ രണ്ടു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രണ്ട് യുവതികളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉണ്ടാകുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്കുന്നു.
ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുപയോഗിച്ച് ഐഎസ് ഭീകരസംഘടനയുടെ ജിഹാദി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയതിന് മലപ്പുറം സ്വദേശി മുഹമ്മദ് ആമീന്‍ എന്ന അബു യഹിയയെ മുഖ്യപ്രതിയാക്കി 10 ദിവസംമുമ്പ് രജിസ്റ്റര്‍ചെയ്ത കേസിലാണ് കേരളത്തിലെ എട്ടിടങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 11 കേന്ദ്രങ്ങളില്‍ എന്‍ഐഎ ഡല്‍ഹി യൂണിറ്റ് തിങ്കളാഴ്ച പരിശോധന നടത്തിയത്.
കശ്മീരിലേക്ക് ഭീകരപ്രവര്‍ത്തനത്തിനായി റിക്രൂട്ട്മെന്റിനും ചാവേര്‍ ആക്രമണത്തിനും ഇതേ സംഘം ശ്രമിച്ചിരുന്നതായാണ് വിവരം.
ബഹ്റൈനില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഉടന്‍ കഴിഞ്ഞ മാര്‍ച്ചില്‍ മുഹമ്മദ് ആമീന്‍ ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസമായി ഡല്‍ഹിയില്‍ തങ്ങി ജമ്മുകാശ്മീരിലെ ഐഎസ് ബന്ധമുള്ള ചിലരുമായി ബന്ധപ്പെട്ടതായി എന്‍ഐഎയ്ക്ക് വിവരമുണ്ട്.
കേരളത്തിലെയും കര്‍ണാടകത്തിലെയും ചില യുവാക്കളെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.
തീര്‍ഥാടനത്തിന്റെ മറവില്‍ യുവാക്കളെ കാശ്മീരില്‍ കൊണ്ടുപോയി ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ശ്രമംനടത്തിയതായും എന്‍ഐഎ പറയുന്നു.