വടകര: ചെറുത്തുനിൽപിന്റെ ധീരതയും പ്രസ്ഥാനത്തോടുള്ള ആത്മാർഥതയും പുലർത്തിയ ടി.പി.ചന്ദ്രശേഖരൻ രാഷ്ട്രീയക്കാർക്ക് മാതൃകയാണെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഓർക്കാട്ടേരിയിൽ ടിപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഇപ്പോഴും ടി.പി ചന്ദ്രശേഖരനെ ഭയക്കുന്നുവെന്നതുകൊണ്ടാണ് ടിപി ഭവൻ അനുസ്മരണ സമ്മേളനത്തിൽനിന്നും ഇടതുമുന്നണി ഘടകകക്ഷികളെ പാർട്ടി വിലക്കിയതെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ ജനങ്ങളുടെ വിശ്വാസമാണ് ശക്തി. എന്നാൽ സിപിഎം എന്ന പ്രസ്ഥാനം ഇന്ന് ജനങ്ങളിൽനിന്നും അകന്നിരിക്കുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെയും വിയോജിപ്പുകൾ രേഖപ്പെടുത്തുന്നവരെയും കൊന്നുതള്ളുകയാണ് സിപിഎം.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ അന്വേഷണം ആവശ്യപ്പെടുന്പോൾ സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചാണ് അതിനെ തടയുന്നത്. ഇത് ജനാധിപത്യസർക്കാരിന് അപമാനമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ടി.കെ.സിബി അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽസെക്രട്ടറി ജി.ദേവരാജൻ, ജനതാദൾ നേതാവ് ജോണ് ജോണ്, അഡ്വ. പി.കുമാരൻകുട്ടി, കൽപറ്റ നാരായണൻ, കെ.എസ്.ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.