തലശേരി: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ വീടിനു സമീപം ബോംബ് സ്ഫോടനം. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ വീടിന്റെ പരിസരത്തെ ഇടവഴിയിലാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ സ്ഫോടനം നടന്നത്.
കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നോത്തുപറമ്പ് കടുങ്ങാംപൊയിലിലാണ് സംഭവം. വിചാരണക്കോടതി വെറുതെവിട്ട ജ്യോതി ബാബുവിനെ ഗൂഢാലോചന കുറ്റം ചുമത്തി ഹൈക്കോടതി ഇന്നലെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ സെക്രട്ടറി കൂടിയാണ് ജ്യോതി ബാബു.
സ്ഫോടനം നടന്നതിനു പിന്നാലെ ജ്യോതി ബാബുവിന്റെ വീടിന്റെ തൊട്ടടുത്ത പ്രദേശത്തുള്ള ഗ്രാമദീപം വായനശാല രാത്രി തകർക്കപ്പട്ടു. പ്രദേശത്തെ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റീത്ത് വച്ച സംഭവവുമുണ്ടായി. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ടിപി വധക്കേസ് വിധിക്കു പിന്നാലെ ഉണ്ടായ സംഭവങ്ങൾ പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്.കേസിൽ ഒമ്പത് പ്രതികള്‍ക്ക് ഇളവ് അനുവദിക്കാതെ തുടര്‍ച്ചയായി 20 വര്‍ഷം ഹൈക്കോടതി തടവുശിക്ഷ വിധിച്ചിരുന്നു.
ഇതില്‍ ആറ് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തിയ പത്തും പന്ത്രണ്ടും പ്രതികളായ കെ.കെ. കൃഷ്ണന്, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.