മാനന്തവാടി: പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിലുള്ളതുകൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നല്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല.
താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു.ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടി.പി വധ ഗൂഡാലോചനയിൽ ഉൾപ്പെടുമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എം.വി. ഗോവിന്ദൻ ഈ വിധിയെ സ്വാഗതം ചെയ്തതുതന്നെ അവർക്ക് ഈ കേസിലുള്ള പങ്ക് വ്യക്തമാക്കുകയാണ്. രണ്ടു പ്രതികളെക്കൂടി ഉൾപ്പെടുത്തി അവർക്ക് ശിക്ഷ വിധിക്കാൻ പോകുന്ന ഈ കേസ് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾത്തന്നെ പാർട്ടി ഈ കുറ്റം ഏറ്റെടുക്കുന്നതായി ബോധ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വാസ്തവത്തിൽ ഈ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ അറിവും സമ്മതത്തോടും കൂടിയാണ് എന്നതിൽ ഒരു സംശയവുമില്ല.
അല്ലെങ്കിൽ അത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്യാൻ പാർട്ടിക്ക് സാധ്യമല്ല. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന രാഷ്ട്രീയം ഈ കേസു കൂടിയെങ്കിലും സിപിഎംഅവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇതുവരെ സിപിഎം പറഞ്ഞുകൊണ്ടിരുന്നത് കേസിൽ തങ്ങൾക്ക് പങ്കില്ലെന്നാണ്. എന്നാൽ ഏറ്റവും അവസാനം രണ്ടു പ്രധാനപ്പെട്ട പാർട്ടി നേതാക്കളെക്കൂടി പ്രതിചേർക്കുക വഴി സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഇനിയെങ്കിലും സിപിഎമ്മിന് രാഷ്ട്രീയ ധാർമികതയും മാന്യതയുമുണ്ടെങ്കിൽ കേസിൽ തങ്ങൾക്കുള്ള പങ്ക് വ്യക്തമാക്കുകയാണ് വേണ്ടത്.
സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കെ.കെ രമയുടെ നിലപാടിന് യുഡിഎഫിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.