കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
രണ്ട് പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി നടപടിയും കോടതി റദ്ദാക്കി. കെ.കെ.കൃഷ്ണന്, ജ്യോതിബാബു എന്നിവരെ വെറുതേ വിട്ട വിധിയാണ് റദ്ദാക്കിയത്. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്ന് പ്രഖ്യാപിച്ചേക്കും. എന്നാല്‍ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വെറുതേ വിട്ട വിധി കോടതി ശരിവച്ചു.
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി അടക്കമാണ് കോടതി പരിഗണിച്ചത്.
സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ അറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ കൊലപാതകമാണിതെന്നും പി.മോഹനൻ അടക്കമുള്ളവരെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ടി.പിയുടെ ഭാര്യ കൂടിയായ കെ.കെ.രമ എംഎൽഎ നൽകിയ ഹർജിയിലും കോടതി ഇന്ന് വിധി പറഞ്ഞു.
2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്ത് വച്ച് ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണയ്ക്ക് ശേഷം 2014ല്‍ എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. രജീഷ്, സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന് തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തന് 2020 ജൂണില്‍ മരിച്ചു.
കേസില്‍ സിപിഎം നേതാവ് പി.മോഹനന് ഉള്‍പ്പെടെ 24 പേരെ കോടതി വിട്ടയച്ചിരുന്നു.